തിരുവനന്തപുരം: കെഎൽ 01 ബിആർ 4813. ജോസ് കെ മാണി കാനത്തെ കാണാനെത്തുന്നു എന്നറിഞ്ഞ്, എംഎൻ സ്മാരകത്തിലെത്തിയപ്പോൾ, അദ്ദേഹം വന്ന ഈ വാഹനനമ്പർ കണ്ട തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ ഒന്ന് അമ്പരന്നിരിക്കണം. ഇത് എകെജി സെന്‍ററിന്‍റെ ഔദ്യോഗിക വാഹനമാണ്. ജോസ് കെ മാണി താമസിക്കുന്ന ഇടത്തുനിന്ന് എം എൻ സ്മാരകത്തിലേക്ക് എത്തിയത് ഈ വണ്ടിയിലാണ്. പാലായിൽ നിന്ന് തിരുവനന്തപുരം വരെ ജോസ് കെ മാണി വന്നത് സ്വന്തം വാഹനത്തിലാണ്. എന്നിട്ടും എംഎൻ സ്മാരത്തിലേക്ക് വരുമ്പോൾ സിപിഎം വണ്ടി വിട്ടുനൽകിയത് സിപിഐയ്ക്ക് കൃത്യമായ രാഷ്ട്രീയസൂചനയായിട്ടാണ്. ഒളിയമ്പുമായും പരോക്ഷമായ എതിർപ്പുമായി ഇനിയും ജോസ് കെ മാണിക്ക് തടസ്സമുണ്ടാക്കേണ്ടതില്ല.

രാവിലെ പതിനൊന്നരയോടെ ജോസ് കെ മാണി എകെജി സെന്‍ററിലെത്തി. എല്ലാ പ്രമുഖ സിപിഎം നേതാക്കളെയും ജോസ് കെ മാണി നേരിട്ടുകാണും. ഒരു കാലത്ത് പിതാവ് കെ എം മാണിക്കെതിരെ ബാർ കോഴ വിവാദത്തിൽ വൻ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒരു രാഷ്ട്രീയകക്ഷിയുടെ ആസ്ഥാനമന്ദിരത്തിലേക്ക് മകൻ ജോസ് കെ മാണി എകെജി സെന്‍റർ വിട്ടുനൽകിയ വണ്ടിയിൽ എത്തുമ്പോൾ അത് കേരളരാഷ്ട്രീയചരിത്രത്തിലെ മറ്റൊരു അപൂർവദൃശ്യമാകുന്നു. 

മറ്റൊരു പാർട്ടിക്കും നൽകാത്ത പരിഗണന ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിന് സിപിഎം നൽകുകയാണ്. ജോസ് കെ മാണിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞതിനൊപ്പം കാനം ഒരു ഒളിയമ്പും വച്ചിരുന്നു. പല പാർട്ടികളും വന്ന് ഒരു കൊല്ലത്തിനകം മുന്നണി വിട്ടുപോയിട്ടുണ്ടല്ലോ - എന്നായിരുന്നു അത്. പിണക്കം പറഞ്ഞുതീർക്കാനാണ് ജോസ് കെ മാണി രാവിലെത്തന്നെ എം എൻ സ്മാരകത്തിലെത്തിയത്. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം എകെജി സെന്‍ററിൽ നടക്കുമ്പോൾത്തന്നെയാണ് പാർട്ടി ഈ യാത്രയ്ക്ക് സ്വന്തം വാഹനം ജോസ് കെ മാണിക്ക് വിട്ടുനൽകിയത്. നാളെത്തന്നെ എൽഡിഎഫ് യോഗം വിളിച്ചുചേർത്ത് ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം ഉടനടി യാഥാർത്ഥ്യമാക്കാൻ തന്നെയാണ് സിപിഎമ്മിന്‍റെ തീരുമാനം. 

സിപിഐ ഇനിയും വഴങ്ങിയിട്ടുണ്ടാകില്ലേ എന്ന സംശയം ബാക്കി നിൽക്കുമ്പോഴും, വലിയ എതിർപ്പ് പരസ്യമായി കാനം പ്രകടിപ്പിക്കില്ല എന്നത് അദ്ദേഹത്തിന്‍റെ പ്രസ്താവനയിൽത്തന്നെ വ്യക്തമായിരുന്നു. മുഖ്യമന്ത്രി തുറന്ന് സ്വാഗതം ചെയ്തതാണ് ജോസ് കെ മാണിയെ. കോടിയേരിയും ജോസ് കെ മാണിയെ ഇരുകൈയ്യും നീട്ടി സിപിഎം സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി. ദുർബലമാകുന്ന രാഷ്ട്രീയ കക്ഷികളുടെ വെന്‍റിലേറ്ററല്ല എൽഡിഎഫ് എന്ന് മൂന്ന് മാസം മുമ്പ് പറഞ്ഞ കാനം ഇപ്പോൾ അതുകൊണ്ടുതന്നെ തുറന്ന നിലപാട് മയപ്പെടുത്തുന്നു. 

പാലാ അടക്കം സീറ്റുകൾ ജോസ് കെ മാണിക്ക് കൊടുക്കില്ലെന്ന ഉറച്ച നിലപാടുമായി മുന്നണിയിൽ നിൽക്കുന്ന എൻസിപിക്ക് അടക്കം സിപിഎമ്മിന്‍റെ ഈ നിലപാട് ആശങ്കയുണ്ടാക്കുന്നതാണ്. നിയമസഭാ സീറ്റ് ചർച്ചകൾ തുടരവേ രാജിവച്ച രാജ്യസഭാ സീറ്റിലും ജോസ് കെ മാണി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സീറ്റ് എൻസിപിക്ക് നൽകിയുള്ള ഒത്തുതീർപ്പാണ് സിപിഎം പദ്ധതി. കാപ്പൻ പിണങ്ങിയാൽ സീറ്റ് സിപിഎം ഏറ്റെടുക്കാനും സാധ്യതയേറെയാണ്. അത് തന്നെയാണ് എൻസിപിയുടെ പേടിയും.