കൊച്ചി: യുഡിഎഫിൽ നിന്നും പുറത്തായത്തോടെ ജോസ് കെ മാണി എൻഡിഎയിൽ ചേരാനുള്ള നീക്കം നടത്തുന്നെന്ന ആരോപണവുമായി  പി.ജെ.ജോസഫ്. രണ്ടില ചിഹ്നം ലഭിക്കാൻ സഹായിച്ചത് ബിജെപിയാണെന്നും ജോസഫ് പറഞ്ഞു. രാഷ്ട്രീയ നിലപാട് ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും എന്നാണ്  ജോസ് കെ മാണി ആവർത്തിക്കുന്നത്.

യുഡിഎഫ് വിട്ട ജോസ് പക്ഷം ഇടതു മുന്നണിയിലേക്ക് ചേക്കേറാനുള്ള ചർച്ചകൾക്കിടെയാണ് പി ജെ ജോസഫിന്റെ പുതിയ ആരോപണം. ഇടതു മുന്നണിയിലേക്കല്ല എൻ ഡി എ യിലേക്കാണ് ജോസ് കെ മണിയുടെ നോട്ടമെന്നാണ് ജോസഫിന്റെ ആരോപണം. കേരള കോൺഗ്രസ്‌ ജന്മദിനത്തിൽ ആണ് എതിർ ചേരിക്കെതിരെ  ജോസഫിന്റെ പുതിയ ആരോപണം. 

സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ജോസഫ് കേരള കോൺഗ്രസിനെ വഞ്ചിച്ചു എന്ന ആരോപണം ആണ്  ജോസ് കെ മാണി ഉയർത്തിയത്. അടുത്ത ആഴ്ച ആദ്യം രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് ജോസ് കെ മാണിയുടെ ഇപ്പോഴത്തെ തീരുമാനം. അതേസമയം വിവിധ കേരള കോൺഗ്രസ്‌ വിഭാഗങ്ങൾ  മുൻ കാലങ്ങളിലെ പോലെ വെവ്വേറെയാണ് ജന്മദിനം ആഘോഷിച്ചത്