Asianet News MalayalamAsianet News Malayalam

ജോസ് ടോമിന് 'രണ്ടില'യില്ല: ജോസ് കെ മാണി വിട്ടുവീഴ്ച ചെയ്തില്ലെന്ന് തുറന്നടിച്ച് ഇ ജെ അഗസ്തി

രണ്ടിലച്ചിഹ്നം കിട്ടില്ലെന്നുറപ്പായതോടെ കെ എം മാണിയെത്തന്നെ 'ചിഹ്നമാക്കി' മത്സരിക്കാനാണ് ജോസ് ടോമിന്‍റെ തീരുമാനം. മാണിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചായിരുന്നു പ്രചാരണത്തിന് തുടക്കം. 

jose tom will not get two leaves symbol
Author
Kottayam, First Published Sep 2, 2019, 7:23 PM IST

കോട്ടയം: പാലാ പോരിൽ ജോസ് ടോമിന് 'രണ്ടില'ച്ചിഹ്നം കിട്ടില്ലെന്നുറപ്പായി. രണ്ടില അനുവദിക്കണമെങ്കിൽ പാർട്ടി ചെയർമാനായി നിലവിൽ സ്ഥാനമേറ്റെടുത്തിരിക്കുന്ന പി ജെ ജോസഫിന്‍റെ കത്ത് വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. എന്നാൽ ഇപ്പോഴും രണ്ടിലച്ചിഹ്നം കിട്ടുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് ജോസ് കെ മാണി. ഇതിനിടെ, ജോസ് കെ മാണിക്കെതിരെ കേരളാ കോൺഗ്രസ് നേതാവ് ഇ ജെ അഗസ്തി രംഗത്തെത്തി. ജോസ് വിട്ടുവീഴ്ച ചെയ്തിരുന്നുവെങ്കിൽ ചിഹ്നത്തിന്‍റെ പ്രശ്നം പരിഹരിക്കാമായിരുന്നു. സ്ഥാനാർത്ഥിത്തർക്കത്തിൽ തന്‍റെ പേര് വലിച്ചിഴച്ചതിൽ പ്രവർത്തകർക്ക് പ്രയാസമുണ്ടെന്നും അഗസ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജോസഫ് - ജോസ് പക്ഷങ്ങള്‍ക്കുള്ള ചെയര്‍മാൻ തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലാണ്. തനിക്കാണ് ചെയര്‍മാന്‍റെ അധികാരം എന്നറിയിച്ച് പി ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടി ഭരണ ഘടന പ്രകാരം ചെയര്‍മാന്‍റെ അസാന്നിധ്യത്തില്‍ അധികാരമെല്ലാം വര്‍ക്കിംഗ് ചെയര്‍മാനില്‍ നിക്ഷിപ്തമാകുമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം. അതേസമയം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതായി ജോസ് പക്ഷവും കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

ഇത് നിലനില്‍ക്കെയാണ് പാലായിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെങ്കില്‍ ജോസഫിന്‍റെ അനുമതി വേണമെന്ന് തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്.

ചെയര്‍മാനായി അംഗീകരിച്ചാല്‍ ചിഹ്നം നല്‍കാമെന്നാണ് യുഡിഎഫ് യോഗത്തില്‍ ജോസഫ് വച്ച ഉപാധി. ചെയര്‍മാനായി അംഗീകരിക്കില്ലെന്നും വര്‍ക്കിംഗ് ചെയര്‍മാനെന്ന നിലയില്‍ ജോസഫ് ചിഹ്നം അനുവദിച്ചോട്ടെ എന്നുമായിരുന്നു ജോസ് കെ മാണിയുടെ മറുപടി.

ജോസഫ് ചിഹ്നം അനുവദിച്ചാല്‍ തന്നെ ആരെങ്കിലും എതിര്‍ത്താല്‍ നിയമപ്രശ്നം ഉണ്ടാകുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നിയമോപദേശം തേടി മാത്രം മുന്നോട്ടുപോകാനാണ് യുഡിഎഫ് തീരുമാനം. 

രണ്ടിലച്ചിഹ്നത്തിലേ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കൂ എന്ന് നിർബന്ധമൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ചിഹ്നത്തിന്‍റെ കാര്യത്തിൽ നിയമോപദേശം തേടുന്നുണ്ട്. യുഡിഎഫ് മികച്ച വിജയം തന്നെ പാലായിൽ നേടും. പി ജെ ജോസഫ് യുഡിഎഫിനൊപ്പം ഉണ്ട്. മാണി സാർ തന്നെയാണ് ചിഹ്നമെന്നും ചെന്നിത്തല പറയുന്നു. 

അതേസമയം ഇന്ന് പാലായിൽ പ്രചാരണം തുടങ്ങിയ ജോസ് ടോം ജോസ് കെ മാണിക്കൊപ്പം ആദ്യം പോയത് പാലാ ബിഷപ്പിനെ കാണാനാണ്. പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്ന്  ജോസ് ടോം വ്യക്തമാക്കി. പാലായിലെ ജനങ്ങള്‍ തന്നെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജോസ് ടോം.

രണ്ടിലച്ചിഹ്നം കിട്ടില്ലെന്നുറപ്പായതോടെ കെ എം മാണിയെത്തന്നെ 'ചിഹ്നമാക്കി' മത്സരിക്കാനാണ് ജോസ് ടോമിന്‍റെ തീരുമാനം. മാണിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചായിരുന്നു ഇന്ന് ജോസ് ടോമിന്‍റെ പ്രചാരണത്തിന് തുടക്കം. 

Follow Us:
Download App:
  • android
  • ios