Asianet News MalayalamAsianet News Malayalam

പിന്നെയും പിളര്‍ന്ന് കേരളാ കോൺഗ്രസ്; വരാനിരിക്കുന്നത് വലിയ നിയമപോരാട്ടം, യുഡിഎഫിലും പ്രതിസന്ധി

കെഎം മാണിയുടെ മരണത്തോടെ ഒഴിവുന്ന പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനായി പിജെ ജോസഫും ജോസ് കെ മാണിയും  വാശിയോടെ രംഗത്തു വന്നതോടെയാണ് പിളര്‍പ്പ്  അനിവാര്യമായത്. 

joseph mani split again in kerala congress
Author
Kottayam, First Published Jun 16, 2019, 3:40 PM IST

കോട്ടയം: ബദൽ സംസ്ഥാന സമിതിയോഗത്തിൽ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതോടെ ഒമ്പത് വര്‍ഷത്തിനിടെ പലതവണ പുകഞ്ഞ ജോസഫ് മാണി വിഭാഗങ്ങളുടെ അതൃപ്തിയാണ് പരസ്യ പിളര്‍പ്പിലേക്ക് നീങ്ങുന്നത്. ഇടത് മുന്നണിക്കൊപ്പമായിരുന്ന പിജെ ജോസഫിനെ ഒപ്പം കൂട്ടാൻ മാണി തീരുമാനിച്ചും മന്ത്രിസ്ഥാനം പോലും വിട്ട് ജോസഫ് കൂടെ പോന്നതും 2010 ലാണ്. അന്നത്തെ ലയനത്തിന് ശേഷം  പല വിഷയങ്ങളിൽ ഇരു വിഭാഗത്തിലും നില നിന്ന  പരസ്പര അവിശ്വാസമാണ് വീണ്ടുമൊരു പിളര്‍പ്പിലേക്ക് കേരള കോണ്‍ഗ്രസിനെ എത്തിച്ചത്. കെഎം മാണിയുടെ മരണത്തോടെ ഒഴിവുന്ന പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനായി പിജെ ജോസഫും ജോസ് കെ മാണിയും  വാശിയോടെ രംഗത്തു വന്നതോടെയാണ് പിളര്‍പ്പ്  അനിവാര്യമായത്. 

2010 ല്‍  ഇടതു മുന്നണി സര്‍ക്കാരിലെ മന്ത്രി സ്ഥാനം പോലും ഉപേക്ഷിച്ചാണ്  പിജെ ജോസഫ്  യുഡിഎഫിലെത്തി മാണിക്കൊപ്പം  ചേര്‍ന്നത്.  ഒരുമിച്ചു നിന്ന് മധ്യ കേരളത്തിലെ പ്രധാന വിലപേശല്‍ ശക്തിയായി മാറുകയായിരുന്നു മാണി ജോസഫ് വിഭാഗങ്ങളുടെ ലക്ഷ്യം.  മാണിയും ജോസഫും ഭിന്നതകളില്ലാതെ ഒരുമിച്ച് നീങ്ങിയപ്പോള്‍ കേരള കോണ്‍ഗ്രസില്‍ ഇനിയൊരു പിളര്‍പ്പ്  അസാധ്യമാണെന്നു പോലും  രാഷ്ട്രീയ കേന്ദ്രങ്ങള്‍ കരുതിയിരുന്നു.  പക്ഷെ  ആ വിശ്വാസത്തിന് അധിക നാള്‍ ആയുസ്സുണ്ടായില്ല. ബാര്‍ കോഴ വിവാദത്തില്‍ പെട്ട മാണിക്കൊപ്പം മന്ത്രി സ്ഥാനം രാജിവെക്കണമെന്ന  ആവശ്യം ജോസഫ് തള്ളിയതോടെയാണ്  ഇരു  വിഭാഗവും തമ്മില്‍ വീണ്ടും ഭിന്നത തുടങ്ങിയത്. എങ്കിലും അത് പിളര്‍പ്പോളം എത്തിയില്ല. 

ജോസഫിന്‍റെ  അടുത്ത വിശ്വസ്തന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും പാര്‍ട്ടി വിട്ടപ്പോഴും ജോസഫ് പിളര്‍പ്പ് ഒഴിവാക്കാന്‍ മാണിക്കൊപ്പം തുടര്‍ന്നു. എന്നാല്‍ ഇക്കഴിഞ്ഞ ലോകസഭ സഭ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളോടെ മാണിയും ജോസഫും പൂര്‍ണ്ണമായും അകന്നു. കെഎം മാണിയുടെ മരണത്തോടെ ആരാകും അടുത്ത ചെയര്‍മാന്‍ എന്ന തര്‍ക്കമാണ് ഇപ്പോള്‍ പിളര്‍പ്പില്‍ കലാശിച്ചത്. ജോസഫിന്‍റെ നേതൃത്വം അംഗീകരിക്കാന്‍ ജോസ് കെ മാണിയും ജോസ് കെ മാണിയെ ചെയര്‍മാനായി അംഗീകരിക്കാന്‍ ജോസഫും വിമുഖത കാട്ടിയതോടെ പിളര്‍പ്പ് അ നിവാര്യമാകുകയായിരുന്നു. ലയന സമയത്തെ ധാരണ പ്രകാരം മാണി വിഭാഗത്തിനാണ് ചെയര്‍മാന്‍ പദവിയെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. നിയമസഭ കക്ഷി നേതൃസ്ഥാനം പിജെ ജോസഫിന് നല്‍കാനും മാണി വിഭാഗം ഒരുക്കമായിരുന്നു. എന്നാല്‍ ജോസ് കെ മാണി ചെയര്‍മാനായുള്ള ഒത്തു തീര്‍പ്പിനോട് പിജെ ജോസഫിനുള്ള വിയോജിപ്പാണ് പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 

കോണ്‍ഗ്രസും കത്തോലിക്ക സഭ ബിഷപ്പുമാരും  നടത്തിയ ഒത്തു തീര്‍പ്പ് ശ്രമങ്ങളും ഫലം കണ്ടില്ല. നിമയസഭ  കക്ഷിയിലും ഹൈപവര്‍ കമ്മിറ്റിയിലും ഭൂരിപക്ഷം അവകാശപ്പെട്ട് ഔദ്യോഗിക പക്ഷം ഞങ്ങളാണെന്ന നിലപാടിലാണ് പിജെ ജോസഫ് പക്ഷം. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളുടേയും ജില്ല പ്രസിഡന്‍റിനേയും പിന്തുണയുള്ള ജോസ് കെ മാണിയും യഥാര്‍ഥ കേരള കോണ്‍ഗ്രസ് തങ്ങളുടേതാണെന്ന്  വാദിക്കുന്നുണ്ട് . ഫലത്തില്‍ തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും കോടതിയിലേക്കും നീണ്ടേക്കാം.

കോട്ടയത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ കൈവശത്തിലാണ്. ജോസഫ് വിഭാഗം ഇതിലും അവകാശം ഉന്നയിക്കും. പിളര്‍ന്നാലും യുഡിഎഫിനൊപ്പം തന്നെ എന്നാണ് ഇരു വിഭാഗവും പറയുന്നത്. പാലായില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തിയതില്‍ കോണ്‍ഗ്രസിനും അമര്‍ഷമുണ്ട്.  കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ജോസഫിനോട് തുടക്കം മുതലേ താത്പര്യം കാട്ടുന്ന കോണ്‍ഗ്രസിന്‍റെ ഇനിയുള്ള നിലപാടും നിര്‍ണ്ണായകമാണ്.

Follow Us:
Download App:
  • android
  • ios