തിരുവല്ല: അന്തരിച്ച മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്‍ക്കരിച്ചു. തിരുവല്ല പുലാത്തീൻ ചാപ്പലിൽ സംസ്ഥാന സർക്കാരിന്‍റെ ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്‍ക്കാരം നടന്നത്. പുലാത്തിൽ ചാപ്പലിൽ പ്രത്യേകം ഒരുക്കിയിരിക്കുന്ന കബറിടത്തിലായിരുന്നു സംസ്കാരം. മാർത്തോമ സഭ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ തിയഡോഷ്യസാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്.

രണ്ടുമണിയോടെ പൊതുദര്‍ശനം അവസാനിച്ചു. തുടര്‍ന്ന് നടന്ന സംസ്‍ക്കാര ശുശ്രൂഷയില്‍ അമ്പത് പേര്‍ മാത്രമാണ് പങ്കെടുത്തത്. മെത്രാപ്പൊലീത്തമാരും എപ്പിസ്കോപ്പമാരും വൈദികരും മാത്രമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. അനാരോഗ്യങ്ങൾക്കിടയിലും വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി പരമാധ്യക്ഷന് അന്തിമോപചാരം അർപ്പിക്കാനെത്തി.