Asianet News MalayalamAsianet News Malayalam

ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു

ആത്മീയതക്കൊപ്പം പാരിസ്ഥിതിക വിഷയങ്ങളിലും സജീവമായി ഇടപ്പെട്ട ആളാണ് ഡോ.ജോസഫ് മാർത്തേമ മെത്രാപ്പൊലീത്ത. സഭയുടെ പരമാധ്യക്ഷ സ്ഥാനത്ത് പതിമൂന്ന് വർഷം പൂർത്തിയാക്കിയാണ് തിരുമേനി വിടവാങ്ങുന്നത്.

Joseph Marthoma passed away
Author
Pathanamthitta, First Published Oct 18, 2020, 5:46 AM IST

പത്തനംതിട്ട: ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു. മാർത്തോമ സഭയുടെ പരമാധ്യക്ഷനായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുധ രോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 2007 മുതൽ മാർത്തോമ സഭയുടെ പരമാധ്യക്ഷമാണ്.

ആത്മീയതക്കൊപ്പം പാരിസ്ഥിതിക വിഷയങ്ങളിലും സജീവമായി ഇടപ്പെട്ട ആളാണ് ഡോ. ജോസഫ് മാർത്തേമ മെത്രാപ്പൊലീത്ത. സഭയുടെ പരമാധ്യക്ഷ സ്ഥാനത്ത് പതിമൂന്ന് വർഷം പൂർത്തിയാക്കിയാണ് തിരുമേനി വിടവാങ്ങുന്നത്. മാർത്തോമ സഭയ്ക്കാപ്പം കേരളത്തിനും തീരാനഷ്ടമാണ് മെത്രാപ്പൊലീത്തയുടെ വിയോഗം.

മത സൗഹാർദ്ദവും മാനവമൈത്രിയും ഊട്ടിയുറപ്പിച്ച മാരാമണ്ണിൻ്റെ സ്വന്തം തിരുമേനി. മലങ്കര മാർത്തോമ സുറിയാനി സഭയുടെ ഇരുപത്തിയൊന്നാമത്തെ പരമാധ്യക്ഷൻ. 1931 ജൂൺ 27 ന് മലങ്കര സഭയുടെ നവീകരണ പിതാവ് എന്നറിയപ്പെട്ട അബ്രഹാം മൽപ്പാൻ്റെ കുടുംബമായ പാലക്കുന്നത്ത് തറവാട്ടിലാണ് ജനനം. കുട്ടിക്കാലം മുതൽ വള്ളംകളിയിലും കൃഷിയിലും താത്പര്യം പ്രകടിപ്പിച്ച തിരുമേനി പിൽക്കാലത്ത് പാരിസ്ഥിക വിഷയങ്ങളിൽ കർശന നിലപാട് സ്വീകരിച്ചു. കോഴഞ്ചേരിയിലും ആലുവയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബെംഗളൂരുവിൽ നിന്ന് തിയോളജിയിൽ ബിരുദം. 1957ൽ ശെമ്മാശ പട്ടവും കശീശ പട്ടവും ലഭിച്ചു. 1975 ൽ തൃശൂരിൽ റമ്പാനായ തിരുമേനി ഇതേ വർഷം തന്നെ എപ്പിസ്കോർപ്പയായി. 1999 ലാണ് സഫ്രഗൺ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ടത്. 

2007 ഒക്ടോബർ 2 ന് ഫിലിപ്പോസ് ക്രിസോസ്റ്റം വലിയ തിരുമേനി ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്ഥാനം ഒഴിഞ്ഞപ്പോൾ സഭയുടെ പരമാധ്യക്ഷ പദവിയിൽ.  അധ്യക്ഷ സ്ഥാനത്തെത്തി നീണ്ട പതിമൂന്ന് വർഷത്തിനിടയിൽ മാരാമൺ കൺവെൻഷൻ്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങൾ നടത്തി. പരമാധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് മുതൽ സഭയുടെ ആത്മീയവും ഭൗതിയുമായ വളർച്ചയ്ക്ക് കർശന തീരുമാനങ്ങളും നിലപാടുകളും സ്വീകരിച്ചു. വ്യക്തി ബന്ധങ്ങൾക്ക് മൂല്യം കൽപ്പിച്ച തിരുമേനി സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു.

ദില്ലിയിൽ ദളിത് ക്രൈസ്തവ അവകാശ സമരത്തിന് നേതൃത്വം നൽകി. സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ സമയ ഇടപെടൽ.ബംഗാൾ, ആന്ധ്ര ഒറീസ ഗുജറാത്ത് എന്നിവിടങ്ങളിലുണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും മുന്നിൽ നിന്ന് നയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ലോക മതസമ്മേളനങ്ങളിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത. ഒരു വർഷം നീണ്ട് നിൽക്കുന്ന നവതി ആഘോഷങ്ങൾക്കിടയിലാണ് അർബുധത്തിന് കീഴടങ്ങി തിരുമേനി വിട പറയുന്നത്.

Follow Us:
Download App:
  • android
  • ios