Asianet News MalayalamAsianet News Malayalam

സിദ്ദീഖ് കാപ്പന്റെ അറസ്റ്റിന് ഒരു വർഷം, നീളുന്ന നിയമപോരാട്ടം; ദില്ലിയിലും കേരളത്തിലും മാധ്യമസംഘടനാ പ്രതിഷേധം

ഹാഥ്റസിലെ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പനെ യു പി പൊലീസ് അറസ്റ്റ് ചെയ്തതത്. ഒരു വർഷമായിട്ടും കാപ്പാനെ മോചിപ്പിക്കാത്തതിനെതിരെ ദില്ലിയിലും കേരളത്തിലും മാധ്യമസംഘടനകൾ. പ്രതിഷേധിച്ചു

 

journalist protest in delhi and kerala demanding release of siddique kappan
Author
Delhi, First Published Oct 5, 2021, 5:24 PM IST

ദില്ലി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍ (Siddique Kappan) അറസ്റ്റിലായിട്ട് ഒരു വർഷം. ഉത്തർപ്രദേശിലെ (Uttarpradesh)  ഹാഥ്റസിലെ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പനെ യു പി പൊലീസ്  അറസ്റ്റ് ചെയ്തതത്. ഒരു വർഷമായിട്ടും കാപ്പാനെ മോചിപ്പിക്കാത്തതിനെതിരെ ദില്ലിയിലും കേരളത്തിലും മാധ്യമസംഘടനകൾ. പ്രതിഷേധിച്ചു

പോപുലർ ഫ്രണ്ട് ബന്ധമാരോപിച്ചായിരുന്നു ഹാഥ്റാസിലേക്കുള്ള  യാത്രക്കിടെ സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്. കാപ്പനൊപ്പം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹാഥറാസിൽ കലാപം നടത്താൻ എത്തിയവരാണെന്ന് ആരോപിച്ച് പിന്നീട്  യുപി പൊലീസ് ഇവർക്കെതിരെ യുഎപിഎ ചുമത്തി.  ജ്യാമത്തിനായുള്ള നിയമപ്പോരാട്ടം സുപ്രീം കോടതിയിലേക്ക് അടക്കം നീണ്ടെങ്കിലും ഒരു വർഷത്തിനിപ്പുറവും കാപ്പൻ ജയിലാണ്. സിദ്ദിഖ് കാപ്പന് തീവ്രവാദബന്ധമുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് ആരോപിക്കുന്നത്.

 5000 പേജുള്ള കുറ്റപത്രത്തിൽ കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും കാപ്പന്റെ ലേഖനങ്ങൾ പ്രകോപനപരമായിരുന്നുവെന്നും പറയുന്നു. എന്നാൽ  തെളിവുകൾ അടക്കം കെട്ടിച്ചമച്ചുള്ള നീക്കമാണ് യുപി പൊലീസ് നടത്തുന്നതെന്നും ഒരു വർഷമായിട്ടും കുറ്റപത്രത്തിന്‍റെ അസൽ പകർപ്പുകൾ ഇതുവരെ നൽകിയിട്ടില്ലെന്നും അഭിഭാഷകൻ പറയുന്നു

സിദ്ദിഖ് കാപ്പൻറെ മോചനം ആവശ്യപ്പെട്ട് ദില്ലിയിൽ  ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റിന്റെ നേത്യത്തിൽ മാർച്ച് നടത്തി. കേരളത്തിലും വിവിധ ജില്ലകളിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. ഒരു വർഷത്തെ ജയിൽവാസത്തിനിടെ അമ്മയെ കാണാൻ ഒരു തവണ മാത്രമാണ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചത്, ഒരു തവണ ചികിത്സയ്ക്കായി ദില്ലിയിൽ കൊണ്ടു വന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന സിദ്ദീഖ് അനിശ്ചിതമായി ജയിലിൽ കിടക്കുന്നതിൽ വലിയ ആശങ്കയിലാണ് കുടുംബം.

പ്രതിഷേധ സംഗമം ജന്മ നാടായ വേങ്ങരയിലും 

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ മോചനം ആവശ്യപ്പെട്ട് ജന്മനാടായ മലപ്പുറം വേങ്ങരയില്‍ പ്രതിഷേധ സംഗമം നടന്നു. പൂച്ചോലമാട് മഹല്ല്  കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.എം.പി അബ്ദു സമദ് സമദാനി എം.പി ഉത്ഘാടനം ചെയ്തു.

മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ പ്രധാന ഭാഗമായ മീഡിയക്കും എതിരേയുള്ള നീക്കമാണ് നടക്കുന്നതെന്നും സമീപകാലത്ത് ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നിരന്തരം അരങ്ങേറുന്നുണ്ടെന്നും അബ്ദു സമദ് സമദാനി പറഞ്ഞു. 

ഇത്തരം നീക്കങ്ങള്‍ തിരുത്താനും സിദ്ദീഖ് കാപ്പന്റെ മോചനം വേഗത്തിലാക്കാനും ഭരണകൂടം തയ്യാറാവണമെന്നും സമദാനി ആവശ്യപ്പെട്ടു. സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത് ഉള്‍പെടെ നിരവധി നാട്ടുകാര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Follow Us:
Download App:
  • android
  • ios