മ്യൂസിയം പോലീസ് കേസെടുക്കാൻ വിമുഖത കാണിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ വനിതാ മോർച്ച പ്രവർത്തർ അതിക്രമിച്ചു കയറി പ്രതിഷേധിച്ച സംഭവത്തിൽ മാധ്യമ പ്രവർത്തകരെയും പ്രതിയാക്കാൻ നീക്കം. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ക്യാമറയും മൊബൈലുമായെത്തിയ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആൾക്കാർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലിസ് കേസെടുത്തു. പ്രതിഷേധക്കാരായ അഞ്ചു പേരെ റിമാൻഡ് ചെയ്തിരുന്നു. ഇത് കൂടാതെയാണ് മ്യൂസിയം എസ് ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരെ കുരുക്കാൻ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തത്. മ്യൂസിയം പോലീസ് കേസെടുക്കാൻ വിമുഖത കാണിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ചു കടന്നതിനാണ് കേസെടുത്തിരിക്കുന്നത്.
വണ്ടിപ്പെരിയാര്‍ കേസിൽ പ്രതി അര്‍ജുനെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചായിരുന്നു മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഡിജിപിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ചത്. അഞ്ച് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ഇവിടെയെത്തിയത്. സംഭവത്തിൽ മാധ്യമപ്രവര്‍ത്തകരുടെ പേരോ സ്ഥാപനങ്ങളുടെ പേരോ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ മൊബൈലുമായി ഡിജിപിയുടെ വസതിയിലെത്തി ദൃശ്യങ്ങൾ പകര്‍ത്തിയവര്‍ക്കെതിരെയാണ് കേസെടുത്തത്. നേരത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് പ്രവര്‍ത്തനം തടസപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് ഉദാഹരിച്ച് ഇപ്പോഴത്തെ കേസ് തിരിച്ചടിയാകുമെന്ന് മ്യൂസിയം പൊലീസ് ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാനായിരുന്നു നിര്‍ദ്ദേശം.
