Asianet News MalayalamAsianet News Malayalam

'വാർത്ത നൽകിയതിന് മാധ്യമപ്രവർത്തകരെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടക്കാനാവില്ല, വിചാരണയിലൂടെ തെളിയിക്കണം'

മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത്  അങ്ങിനെ സംഭവിക്കാൻ പാടില്ല.ഏഷ്യാനെറ്റ് ന്യൂസ്  ജീവനക്കാർ നൽകിയ മുൻകൂർ  ജാമ്യാപേക്ഷ അനുവദിച്ചുള്ള  ഉത്തരവിലാണ് കോഴിക്കോട് അഡിഷണൽ സെഷൻസ്  കോടതിയുടെ  നിരീക്ഷണം

 

 Journalists canot be put behind bars for giving news observes calicut court
Author
First Published Mar 19, 2023, 10:45 AM IST

കോഴിക്കോട്: വാർത്ത നൽകിയതിന്‍റെ പേരിൽ  മാധ്യമപ്രവർത്തകരെ ക്രിമിനൽ കുറ്റം ആരോപിച്ച് ജയിലടക്കാനാവില്ലെന്ന് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി. മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത്  അങ്ങിനെ സംഭവിക്കാൻ പാടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നീതിപൂർവമുള്ള വിചാരണയിലൂടെ തെളിയിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏഷ്യാനെറ്റ് ന്യൂസ്  ജീവനക്കാർ നൽകിയ മുൻകൂർ  ജാമ്യാപേക്ഷ അനുവദിച്ചുള്ള  ഉത്തരവിലാണ്  കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപക്ഷയിൽ കോഴിക്കോട് അഡി ഡിസ്ട്രിക്റ്റ്  സെഷൻസ് കോടതി  ജഡ്ജി  പ്രിയ കെയുടെതാണ് ഉത്തരവ്. ഗൗരവമുള്ള ആരോപണങ്ങളൊന്നും ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്കെതിരെയില്ല. വാർത്ത നൽകിയിതിന്റെ പേരിൽ ക്രിമിനൽ കുറ്റം ആരോപിച്ച് ആരെയും ജയിലിലടക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം അനുവദിച്ച് നൽകിയിട്ടുള്ള, ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്  അത് സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നീതിപുർവ്വമായ വിചാരണ നടത്തിയേ കുറ്റം ചെയ്തെന്ന് തെളിയിക്കാനാവൂ എന്നും കോടതി നിരീക്ഷിച്ചു. വളരെ സുപ്രധാനമായ നിരീക്ഷണങ്ങളാണ് മുൻകൂർ ജാമ്യ ഹർജി അനുവദിച്ച് കോടതി നടത്തിയത്. 

സിന്ധു സൂര്യകുമാർ, ഷാജഹാൻ, നൗഫൽ ബിൻ യൂസഫ് എന്നിവരടക്കം  4 പേർക്കാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാർക്കായി അഡ്വ.  വി ഹരി ഹാജരായി. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത 'നാർക്കോട്ടിക്സ്  ഈസ് ഡേർട്ടി ബിസിനസ്' എന്ന വാർത്ത പരമ്പരക്കെതിരെ പി വി അൻവർ  എംഎല്‍എ നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസ് ആണ്  കേസെടുത്തത്.  ഇതേ തുടർന്ന് ജാമ്യമില്ലാവകുപ്പകളടക്കം ചുമത്തിയാണ്  പൊലിസ് കേസെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫിസ് പൊലീസ് റെയ്ഡ് ചെയ്യുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios