കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐ െഅന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. അലന്‍ താഹ വിഷയം പരോക്ഷമായി പരാമര്‍ശിച്ചാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. 

''യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എന്‍ഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക. അതേ എന്‍ഐഎയുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തി യുടെ ഇന്നത്തെ അവസ്ഥ '' ജോയ് മാത്യു കുറിച്ചു. 

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഒന്നാം പ്രതിയാണ് അലന്‍ ഷുഹൈബ്. താഹാ ഫസല്‍ രണ്ടാം പ്രതിയും സി പി ഉസ്മാന്‍ മൂന്നാം പ്രതിയുമാണ്. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നും സംഘടനയ്ക്കു വേണ്ടി മൂവരും രഹസ്യയോഗങ്ങള് സംഘടിപ്പിച്ചുവെന്നുമാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് താഹയും അലനും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിലെ കൂട്ടുപ്രതി ഉസ്മാന്‍ ഒളിവിലാണ്.

ഇരുവര്‍ക്കുമെതിരായ യുഎപിഎ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. രണ്ട് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരനെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

'ഒരമ്മയുടെ കണ്ണുനീരിനു
കടലുകളില്‍
ഒരു രണ്ടാം പ്രളയം
ആരംഭിക്കാന്‍ കഴിയും
മകനേ
കരുണയുള്ള മകനേ
ഏത് കുരുടന്‍ ദൈവത്തിനു വേണ്ടിയാണ്
നീ ബലിയായത് ?'

പ്രിയ കവി സച്ചിദാനന്ദന്‍ എഴുതിയ വരികളാണിത് .എത്ര അര്ഥവത്താണീ
വരികള്‍ എന്ന് ഇതാ കാലം തെളിയിക്കുന്നു .യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ
വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക !
അതേ NIA യുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തി യുടെ ഇന്നത്തെ അവസ്ഥ !
അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !
ആളുകള്‍ ദൈവവിശ്വാസികളായിപ്പോകുന്നതില്‍
എങ്ങിനെ തെറ്റുപറയാനാകും ?

അറിയിപ്പ് :
കമന്റുകള്‍ NIA നിരീക്ഷിക്കുന്നുണ്ട് ,രാജ്യദ്രോഹത്തിനാണ് അകത്താവുക