എഫ്സിആർഎ നിയമ ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) കൊച്ചിയിലെ സിറ്റിംഗിലേക്ക് കേരളത്തിലെ പ്രധാന സഭകൾക്ക് ക്ഷണം ലഭിച്ചില്ലെന്ന് പരാതി. കൊച്ചിയിലെ സിറ്റിംഗിൽ പങ്കെടുപ്പിക്കുന്നതിന് പകരം മേഘാലയയിലെ ഷില്ലോങ്ങിലേക്ക് എത്താൻ നിർദേശിച്ച നിലപാട് അംഗീകരിക്കാനാകില്ലെന്ന് ആന്റോ ആന്റണി എംപി വ്യക്തമാക്കി
തിരുവനന്തപുരം: എഫ്സിആർഎ ഭേദഗതിയിലെ ജെപിസി സിറ്റിങ്ങിൽ കേരളത്തിലെ പ്രധാന സഭകൾക്ക് ക്ഷണമില്ലെന്ന് പരാതി. കൊച്ചിയിലെ സിറ്റിംഗിൽ പങ്കെടുപ്പിക്കാതെ, ഷില്ലോങ്ങിലേക്ക് എത്താൻ നിർദശിച്ചുവെന്നാണ് ആക്ഷേപം. ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ആൻ്റോ ആൻ്റണി എംപി തുറന്നടിച്ചു. കേരളത്തിലുള്ള സഭകളെ കേരളത്തിൽ വച്ച് തന്നെ കേൾക്കണമെന്നാവശ്യമാണ് എംപി മുന്നോട്ട് വെച്ചത്.
നവംബർ നാലിനാണ് എഫ്സിആർഎ നിയമ ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ കൊച്ചിയിലെ സിറ്റിങ്. കാഞ്ഞിരപ്പള്ളി, പാലാ, തലശേരി, എറണാകുളം അങ്കമാലി രൂപതകൾക്ക് കൊച്ചിയിലെ സിറ്റിങ്ങിലേക്ക് ക്ഷണം ലഭിച്ചില്ല, പകരം ഇവരെല്ലാം രണ്ടാം തീയതി മേഘാലയയിലെ ഷില്ലോങ്ങിൽ നടക്കുന്ന സിറ്റിംഗിനെത്താനാണ് നിർദേശിച്ചിരിക്കുന്നത്. കേരളത്തിലുള്ള സഭകളെ കേരളത്തിൽ തന്നെ കേൾക്കാൻ ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപി ജെപിസി ചെയർമാന് കത്ത് നൽകി. നാലാം തീയതി കൊച്ചിയിൽ സിറ്റിംഗ് നടക്കുമ്പോൾ രണ്ടാം തീയതി സഭകൾ മേഘാലയയിൽ പോകേണ്ട അവസ്ഥ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും എംപി ഡൽഹിയിൽ വെച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജെപിസിയിലെ പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരമാണ് വിവിധ സംസ്ഥാനങ്ങളില്‍ സമിതി സിറ്റിംഗ് തീരുമാനിച്ചത്.






