മുൻപ് സർക്കാർ നല്ല രീതിയിൽ കണ്ടിരുന്ന പൊലീസ് പ്രവർത്തനങ്ങളെ നിലവിൽ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത് സേനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് സംഘടന ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് നടത്തുന്ന തുടരന്വേഷണങ്ങൾക്കും പുനരന്വേഷണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. മുൻപ് സർക്കാർ നല്ല രീതിയിൽ കണ്ടിരുന്ന പൊലീസ് പ്രവർത്തനങ്ങളെ നിലവിൽ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത് സേനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് സംഘടന ചൂണ്ടിക്കാട്ടി. കാലങ്ങൾ മാറി വരുമ്പോൾ പഴയ പ്രവൃത്തികളെ തെറ്റായി വ്യാഖ്യാനിക്കുന്നത് പോലീസ് സേനയുടെ മനോവീര്യത്തെ ബാധിക്കും. മുൻ സർക്കാരിന്റെ കാലത്തുനടന്ന ആലപ്പുഴയിലെ രക്ഷാപ്രവർത്തനവും കണ്ണൂരിലെ വീണാ ജോർജ് ആക്രമണ കേസും ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലാണ് ഇപ്പോൾ തുടരന്വേഷണം നടക്കുന്നത്. ഇത്തരം നടപടികൾ ഗൗരവമായി കാണണമെന്ന് പോലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അതേസമയം, രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി സർക്കാർ വീണ്ടും നീട്ടിയിരുന്നു. നിലവിൽ മൂന്ന് മാസം പൂർത്തിയായ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസ് അട്ടിമറിച്ചതിനാണ് എം.ആർ. അജിത് കുമാറിനെതിരെ നടപടിയെടുത്തത്. ഒപ്പം വീണ ജോര്‍ജിനെ ആക്രമിച്ചെന്ന കേസിലും പുനരന്വേഷണം നടക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തന കേസ് കേസ് അന്വേഷിച്ച ആദ്യ അന്വേഷണ ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. എ.ഡി.ജി.പിയുടെ പൂർണ്ണ അറിവോടെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ആഭ്യന്തര മന്ത്രി സസ്പെൻഷൻ ശുപാർശ ചെയ്യുകയും മുഖ്യമന്ത്രി അത് അംഗീകരിക്കുകയും ചെയ്തത്. ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ സർക്കാരിന്റെ നിർണായക നടപടിയുണ്ടായത്.