Asianet News MalayalamAsianet News Malayalam

വാളയാര്‍ കേസ്; 'മുന്‍ എസ്ഐയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമെന്ന് ജുഡീഷ്യൽ കമ്മീഷന്‍ റിപ്പോര്‍ട്ട്

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്ഐ അവഗണിച്ചു. ചാക്കോയ്ക്കെതിരെ വകുപ്പുതല നടപടിക്കൊപ്പം, ഇനി കേസന്വേഷണത്തിൽ നിന്നും മാറ്റിനിർത്താനുമുളള ശുപാ‍ശ അംഗീകരിച്ചു.

Judicial commission report on walayar case
Author
Kochi, First Published Jan 13, 2021, 6:25 PM IST

കൊച്ചി: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തിൽ ആദ്യം അന്വേഷണം നടത്തിയ എസ്ഐ പി സി ചാക്കോ മാപ്പർഹിക്കാത്ത അന്യായമാണ് ചെയ്തതെന്ന് കമ്മീഷന്‍റെ വിലയിരുത്തൽ. എസ്ഐക്കും അഭിഭാഷകർക്കുമെതിരെ നടപടി പ്രഖ്യാപിച്ച് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വെച്ചു. വാളയാറിൽ പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് ഫനീഫ കമ്മീഷന്‍റെ കണ്ടെത്തൽ. 

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്ഐ അവഗണിച്ചു. ചാക്കോയ്ക്കെതിരെ വകുപ്പുതല നടപടിക്കൊപ്പം, ഇനി കേസന്വേഷണത്തിൽ നിന്നും മാറ്റിനിർത്താനുമുളള ശുപാ‍ശ അംഗീകരിച്ചു. തുടർന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കും. കുറ്റപത്രം സമർപ്പിച്ച മുൻ ഡിവൈഎസ്പി സോജൻ സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയെന്നും കമ്മീഷൻ പറയുന്നു.

വിചാരണയിൽ വീഴ്ചവരുത്തിയ അഭിഭാഷകരായ ലതാമാധവനെയും ജലജ ജയരാജനെയും ഇനി സെഷൻസ് കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടറാക്കി നിയമനം നൽകില്ലെന്നും സർക്കാർ തീരുമാനിച്ചു. കേസന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരതിരെ നടപടി ആവശ്യപ്പെട്ട് വാളായർ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ 26 മുതൽ അനിശ്ചതകാല നിരാഹാരം നടത്തും.

അതേസമയം വാളയാർ കേസ് സിബിഐക്ക് കൈമാറാനുള്ള സർക്കാർ വിജ്ഞാപനം ഇനിയും വൈകും. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത് അനുസരിച്ച് കരട് വിജ്ഞാപനം ആഭ്യന്തരവകുപ്പ് നിയമ വകുപ്പിന് കൈമാറിയിരുന്നു. പാലക്കാട് പോക്സോ കോടതി വിധി പറഞ്ഞ കേസിൽ തുടരന്വേഷണം സിബിഐക്ക് കൈമാറണമെങ്കില്‍ കോടതിയുടെ അനുമതി ആവശ്യമാണെന്ന് നിയമ സെക്രട്ടറി ചൂണ്ടികാട്ടി. ഈ സാഹചര്യത്തിൽ കോടതിയുടെ അനുമതി വാങ്ങിയ ശേഷം വിജ്ഞാപനം ഇറക്കുന്ന കാര്യമാണ് ആഭ്യന്തരവകുപ്പ് ചർച്ച ചെയ്യുന്നത്. 

Follow Us:
Download App:
  • android
  • ios