കൊല്ലം: ട്രെയിൻ യാത്രക്കിടെ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാനൊരുങ്ങി കുടുംബം. ഹോക്കി ദേശീയ ജൂനിയർ ടീം മുൻ താരമായ കൊല്ലം പുലമൺ സ്വദേശി മനുവാണ് ചികിത്സ കിട്ടാതെ മരിച്ചത്. 

പോണ്ടിച്ചേരിയിൽ പഠിച്ചിരുന്ന മനു സുഹൃത്തിനൊപ്പം ഓണം അവധിയ്ക്ക് നാട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. മനുവിന് ദേഹാസ്വാസ്ഥ്യമുണ്ടായ ഉടൻ സുഹൃത്ത് ടി ടി ആറിനെ സമീപിച്ചു. വിരുതാചലം റെയിൽവേ സ്റ്റേഷനിൽ മനുവിനെയും സുഹൃത്തിനെയും ഇറക്കിയെങ്കിലും ചികിത്സ സൗകര്യങ്ങൾ ഒന്നും അവിടെ ഒരുക്കിയിരുന്നില്ല. 

മനുവിനെ എടുത്തുകൊണ്ടുപോകാൻ സ്ട്രെച്ചർ പോലും ആദ്യം കിട്ടിയില്ല. 20 മിനിറ്റിലേറെ സമയം സ്റ്റേഷനിൽ കിടത്തിയ ശേഷമാണ് ആംബുലൻസ് സൗകര്യം ഉൾപ്പെടെ ലഭ്യമാക്കിയത്. അപ്പോഴേക്കും മനുവിന്റെ മരണം സംഭവിച്ചിരുന്നു. കൃത്യ സമയത്ത് ചികിത്സാ കിട്ടാത്തതാണ് മരണകാരണം എന്നാരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകാൻ ഒരുങ്ങുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്ച മൃതദേഹം സംസ്‌കരിച്ചു.