Asianet News MalayalamAsianet News Malayalam

തൃക്കാക്കര ടോപ് ഗിയറിൽ, വീഡിയോ വിവാദം പിടിച്ച് എൽഡിഎഫ്, തിരിച്ചടിച്ച് യുഡിഎഫ്, കുന്തിരിക്കം പുകച്ച് ബിജെപി

പരസ്യപ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ആവേശം ടോപ് ഗിയറിൽ

just hours to go before the end of the campaign election excitement in Thrikkakara is in top gear
Author
Kerala, First Published May 28, 2022, 8:23 PM IST

കൊച്ചി: പരസ്യപ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ആവേശം ടോപ് ഗിയറിൽ. ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമം.വീഡിയോ വിവാദത്തിൽ അറസ്റ്റിലായ രണ്ട് പേർ സിപിഎമ്മുകാരാണെന്നും  ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ കാമറ വെച്ച  നേതാക്കളാണ് കോൺഗ്രസ്സിനെ വിമർശിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെുത്തി.

കൊട്ടികൊട്ടി കയറുകയാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം. പരസ്യ പ്രചാരണ സമയം തീരും മുമ്പ്  അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്.  

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളിന് നിരോധനം

പുതുതായി കസ്റ്റഡിയിലുള്ള മൂന്ന് പേർക്ക് കൂടി യുഡിഎഫ് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ചവറയിലും പാലക്കാടും അറസ്റ്റിലായവർ സജീവ സിപിഎം പ്രവർത്തകരാണെന്ന് പറഞ്ഞ് തിരിച്ചടിക്കുകയാണ് യുഡിഎഫ്. എറണാകുളത്തെ സിപിഎമ്മിലെ പഴയ ഒളിക്യാമറ വിവാദം ഓർമ്മിപ്പിച്ചാണ് മറുപടി.

പ്രതിപക്ഷനേതാവ് നിലവാരം കാണിക്കണമെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം സുരേഷ് ഗോപിയുടെ റോഡ് ഷോയാണ് അവസാന ലാപ്പിലെ ബിജെപി പ്രചാരണത്തിന്‍റെ ഹൈലൈറ്റ്. പിടി തോമസിനെ സ്നേഹിക്കുന്നവര്‍ എ.എന്‍.രാധാകൃഷ്ണന് വോട്ടു ചെയ്യണമെന്നാണ് താരത്തിന്‍റെ ആഹ്വാനം. ഇരട്ടനീതി പ്രചാരണം ശക്തമാക്കി കുന്തിരിക്കം കത്തിച്ചായിരുന്നു ബിജെപി പ്രചാരണം.

തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് വി.ഡി.സതീശൻ

തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസ്. വോട്ടർ പട്ടികയിൽ ചേർക്കാൻ യുഡിഎഫ് നൽകിയ മൂവായിരം വോടടർമാരുടെ അപേക്ഷ തള്ളിക്കളഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഭൂരിപക്ഷം കുറയ്ക്കാൻ ലക്ഷ്യമിട്ട് മനഃപൂർവം ഇത് തള്ളിയതാണ്. ആറായിരം വോട്ടർമാരെ പുതുതായി ചേർക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നൽകിയത്. ഇതിൽ നിന്ന് മൂവായിരം വോട്ടർമാരെ ഒഴിവാക്കുകയായിരുന്നുവെന്ന് സതീശൻ ആരോപിച്ചു. ബിഎൽഒമാർ രേഖകൾ ഹാജരാക്കിയിട്ടും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദ്യ ലിസ്റ്റ് തയ്യാറായ ഉടൻ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും സതീശൻ ആരോപിച്ചു. പാർട്ടി സമ്മേളനങ്ങളുടെ തിരക്കായതിനാൽ സിപിഎമ്മിന് കൂടുതൽ വോട്ട് ചേർക്കാൻ ആയിട്ടില്ല. ഇത് മറികടക്കാനാണ് യുഡിഎഫിന്റെ അർ‍ഹമായ വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

പൊലീസിൻ്റെ ചോദ്യം ചെയ്യൽ ഒഴിവാക്കി പിസി ജോർജ്ജ് തൃക്കാക്കരയിലേക്ക്?

തൃക്കാക്കരയിലെ 161ആം ബൂത്തിൽ കള്ളവോട്ടുണ്ടെന്ന ആരോപണവും വി.ഡി.സതീശൻ ഉന്നയിച്ചു. ഈ ബൂത്തിൽ 5 വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ട്. പല വോട്ടർമാർക്കും അഷ്റഫ് എന്നയാളെയാണ് രക്ഷകർത്താവ് ആയി ചേർത്തിട്ടുള്ളത്. അഷ്റഫ് ദേശാഭിമാനി ഏജന്റാണ്. കള്ള വോട്ട് ചെയ്താൽ ശക്തമായ നടപടി ഉണ്ടാകും. കള്ള വോട്ട് ചെയ്യാൻ ആരും തൃക്കാക്കര യിലേക്ക് വരേണ്ടെന്നും അങ്ങനെ വന്നാൽ ജയിലിലേക്ക് പോകാൻ തയ്യാറായി വരണമെന്ന് വി.ഡി.സതീശൻ മുന്നറിയിപ്പ് നൽകി. സ്ഥലത്തില്ലാത്തതും മരിച്ചുപോയതുമായി വോട്ടർമാരുടെ പേരുകൾ കണ്ടെത്തി പോളിംഗ് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്കും ജില്ലാ കളക്ടർക്കും നൽകും. ഏതെങ്കിലും തരത്തിൽ കള്ളവോട്ടിന് ശ്രമമുണ്ടായാൽ അത് കണ്ടെത്താൻ യുഡിഎഫിന് ശക്തമായ മെക്കാനിസം ഇക്കുറി ഉണ്ടെന്നും സതീശൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios