തിരുവനന്തപുരം: അഭയ മരിച്ചത് മുതൽ കേസിനൊപ്പം നിഴൽ പോലെ ഉണ്ടായിരുന്ന പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ പോരാട്ടത്തിൻ്റെ വിജയം കൂടിയാണ് ഇന്നത്തെ കോടതി വിധി. ഇന്ന് കൊണ്ട് ഞാൻ അവസാനിച്ചാലും സന്തോഷമെന്നായിരുന്നു വിധി വന്നപ്പോൾ ജോമോൻറെ പ്രതികരണം.

ഇന്നലെ അഭയ കേസിൽ വിധി വരുമ്പോൾ  ഏഷ്യാനെറ്റ് ന്യൂസ് സ്റ്റുഡിയോയിലായിരുന്ന ജോമോൻറെ മനസ്സിൽ ഒറ്റയിടക്ക് 28 വർഷത്തെ നിയമപോരാട്ടത്തിൻറെ പൊള്ളുന്ന ഓ‍ർമ്മകൾ എത്തിയിരിക്കാം. ഈ കോട്ടയത്തുകാരൻ സിസ്റ്റർ അഭയയുടെ ആരുമായിരുന്നില്ല. പക്ഷെ മരണം ഉണ്ടായത് മുതൽ ആദ്യമായി സംശയങ്ങൾ പറഞ്ഞ് തുടങ്ങിയത് ജോമോൻ. അഭയ ആക്ഷൻ കൗൺസിൽ കൺവിനറായിരുന്ന ജോമോൻ തുടക്കം മുതൽ കേസിൽ കാണിച്ച ആത്മാർത്ഥ 28 വർഷങ്ങളും തുടർന്നു. 

ഒപ്പമുണ്ടായിരുന്ന പലരും പിൻവാങ്ങിയിട്ടും വെറും ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോമോൻ നീതിക്കായുള്ള പോരാട്ടതിന് മാറ്റിവെച്ചത് സ്വന്തം ജീവിതം തന്നെ. ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്ന് വ്യക്തമായതോടെ ജോമോൻ പുത്തൻപുയ്ക്കലാണ്  മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ജോമോൻ്റേത് ഉള്‍പ്പെടെ 34 പരാതികള്‍ സർക്കാരിന് ലഭിച്ചുവെങ്കിലും തുടർന്നുള്ള പോരാട്ടത്തിൽ ഉറച്ചുനിന്നത് ജോമോൻ മാത്രമാണ്. 

മരണം ആത്മഹത്യയാക്കിമാറ്റാൻ സിബിഐ  എസ്പി ത്യാഗരാജൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ വന്നതോടെ എസ്പിമായെ മാറ്റാനുള്ള നിയമപോരാട്ടം തുടങ്ങിയതും ജോമോൻ. സിബിഐ വന്നിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുമ്പോഴെല്ലാം ഈ പൊതുപ്രവർത്തകൻ നീതിക്കായി ഇടപെട്ടു. നിയമയുദ്ധത്തിനായി ജീവിതം മാറ്റിവെച്ച ജോമോൻ ഇന്ന് സിബിഐ കോടതിയിൽ നിന്നിറങ്ങിയത് തല ഉയർത്തി പിടിച്ചുകൊണ്ടാണ്. അപൂർവ്വമായ കേസിനൊപ്പം അപൂർവ്വമായ  ഒറ്റയാൾപോരാട്ടവും