Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കൊലക്കേസ്; പൊലീസുകാരെ പിരിച്ചുവിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

രാജ്കുമാറിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനും വിചാരണ ചെയ്യാനും സംസ്ഥാന സര്‍ക്കാരാണ് നിർദ്ദേശം നല്‍കിയത്.

Justice  K Narayana Kurup welcome state decision to remove accused officials from service
Author
Idukki, First Published Jun 1, 2021, 3:21 PM IST

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസ് പ്രതികളായ പൊലീസുകാരെ പിരിച്ച് വിടാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ നടപടിയുണ്ടായി. കസ്റ്റഡി കൊലപാതകങ്ങളിൽ നടപടിയുണ്ടാകുമെന്ന സന്ദേശം നൽകാൻ തീരുമാനം ഉപകരിക്കുമെന്നും കേസിൽ അന്വേഷണം നടത്തിയ ജസ്റ്റീസ് നാരായണ കുറുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനും വിചാരണ ചെയ്യാനും സംസ്ഥാന സര്‍ക്കാരാണ് നിർദ്ദേശം നല്‍കിയത്.

കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ റിപ്പോർട്ട് പൊലീസിനെതിരായിരുന്നു. കസ്റ്റഡി മര്‍ദ്ദനം മൂലമാണ് രാജ്‍കുമാര്‍ മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം പോലും പൊലീസ് അട്ടിമറിച്ചതായും കമ്മീഷന്‍ നിരീക്ഷിച്ചു. നിയമങ്ങളും കോടതികളും പൊലീസ് നഗ്നമായി ലംഘിച്ചു. സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ പറഞ്ഞു. 

2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജീവച്ഛവമായപ്പോൾ മജിസ്ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാന്റ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ് 21ന് ജയിലിൽ വെച്ച് മരിച്ചു. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാനായിരുന്നു പൊലീസ് ശ്രമം. 

എന്നാൽ ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബു അടക്കമുള്ള ഏഴ് പൊലീസുകാരെ അറസ്റ്റ് ചെയ്തു. എന്നാൽ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യൽ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത്. 

Follow Us:
Download App:
  • android
  • ios