ദില്ലി: കരുതൽ തടങ്കലുകൾ ഭരണഘടനാപരവും നിയമപരവുമായിരിക്കണമെന്ന്ഓ ര്‍മ്മിപ്പിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് യു യു ലളിത്. ദേശീയ സുരക്ഷ ഉയര്‍ത്തിയുള്ള കരുതൽ തടങ്കലുകൾ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് സുപ്രീംകോടതി ജഡ്ജിയുടെ പരാമര്‍ശം. ഇതിനിടെ ഇന്ത്യയിൽ മാധ്യമ പ്രവര്‍ത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കുന്നതിനെതിരെ അന്താരാഷ്ട്ര മാധ്യമ സംഘടനകൾ രംഗത്തെത്തി.

അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വ്വകലാശാല സംഘടിപ്പിച്ച വെര്‍ച്വൽ സെമിനാറിലായിരുന്നു കരുതൽ തടങ്കലിനെ കുറിച്ച് ജസ്റ്റിസ് യു യു ലളിതിന്‍റെ പരാമര്‍ശം. ദേശീയ സുരക്ഷ ഉറപ്പാക്കാൻ കരുതൽ തടങ്കലുകൾ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാൽ ഒരാളെ കരുതൽ തടങ്കലിൽ വെക്കുമ്പോൾ അത് ഭരണഘടനപരവും നിയമപരവുമാണെന്ന് ഉറപ്പാക്കണം. 

ഇന്ത്യൻ കോടതികൾക്ക് വിപുലമായ അധികാരങ്ങളുണ്ട്. ഭരണഘടന ഭേദഗതിവരെ നിര്‍ദ്ദേശിക്കാൻ സുപ്രീംകോടതിക്ക് കഴിയുമെന്നും ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. ജമ്മുകശ്മീരിന്‍റെ വിഭജനത്തിനും പ്രത്യേക അധികാരം റദ്ദാക്കാനുമായി രാഷ്ട്രീയ നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കിയത് രാജ്യാന്തര തലത്തിൽ തന്നെ ചര്‍ച്ചയായിരുന്നു. നേതാക്കളെ വിട്ടയക്കാൻ സുപ്രീംകോടതിയുടെ വിമര്‍ശനങ്ങളും വേണ്ടിവന്നു.

ഇതിനിടെ ഹാഥ്റസിലേക്ക് പോയ മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന്‍റെയടക്കം അറസ്റ്റ് ചർച്ചയാകുമ്പോൾ അന്താരാഷ്ട്ര മാധ്യമ സംഘടനകളും ഇത്തരം നടപടികൾക്കെതിരെ രംഗത്തു വരികയാണ്. മഹാമാരിയുടെ കാലത്ത് വിമർശനങ്ങളുടെ പേരിൽ ഇന്ത്യയിൽ മാധ്യമപ്രവർത്തകരെ തടങ്കലിലാക്കുന്നത് ഒഴിവാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. 

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിക്ക് സംഘടനകൾ കത്തയച്ചു. മേയ് മാസം വരെ ചുമത്തിയ കേസുകളാണ് ഇന്‍റര്‍നാഷണൽ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍റര്‍നാഷണൽ ഫെഡറേഷൻ ഓഫ് ജേര്‍ണലിസ്റ്റ് എന്നീ സംഘടനകൾ 
നൽകിയ കത്തിൽ പരാമർശിക്കുന്നത്.