കൊച്ചിയിൽ നടുറോഡിലിട്ട് എയർ ഹോണുകൾ പൊട്ടിക്കാൻ ഉപയോഗിച്ച റോഡ് റോളറിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം: കൊച്ചിയിൽ നടുറോഡിലിട്ട് എയർ ഹോണുകൾ പൊട്ടിക്കാൻ ഉപയോഗിച്ച റോഡ് റോളറിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് എയർഫോണുകൾ പൊട്ടിക്കാൻ ഉപയോഗിച്ച റോഡ് റോളറിന്റെ വിവരങ്ങൾ സഹിതം വ്യക്തമാക്കിക്കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നത്. ശബ്ദമലിനീകരണം തടയാൻ വായു മലിനീകരണം ആകാമെന്ന് പരിഹാസിച്ചുകൊണ്ടാണ് പോസ്റ്റ്. വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയർ ഹോണുകൾ കൊച്ചിയിൽ നടുറോഡിലിട്ടാണ് റോഡ് റോളർ കൊണ്ട് പൊടിച്ച് നശിപ്പിച്ചത്. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. എയർ ഹോൺ ഡ്രൈവ് സംസ്ഥാനത്ത് ഇന്നും തുടരുകയാണ്.

'എന്തെല്ലാം കോമാളിത്തരങ്ങൾ കാണണം. സംസ്ഥാനത്തെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എയർഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കണമെന്ന് മന്ത്രി ഉത്തരവിറക്കുന്നു. അതനുസരിച്ച് കൊച്ചിയിൽ എം വി ഐ പിടിച്ചെടുത്ത എയർഫോണിന്റെ കോളാമ്പികൾ മാത്രം ഒരു റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്നു; അതിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ കോളാമ്പികൾ നശിപ്പിക്കാൻ എംവിഐ ഏർപ്പാടാക്കിയ റോഡ് റോളറിൻ്റെ പൊല്യൂഷൻ സർട്ടിഫിക്കേറ്റ് കാലാവധി നാല് മാസം മുൻപ് കഴിഞ്ഞു പോലും. ശബ്ദമലിനീകരണം തടയാൻ വായുമലിനീകരണം ആകാം' എന്നാണ് ചാമക്കാലയുടെ പോസ്റ്റില്‍ പറയുന്നത്.

കോതമംഗലത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനൽ ഉദ്ഘാടനത്തിനിടെ ഉണ്ടായ അനുഭവത്തിന്‍റെ കലിപ്പടങ്ങാതെയാണ് കെബി ഗണേഷ് കുമാര്‍ എയര്‍ ഹോണുകൾ റോഡ് റോളര്‍ കയറ്റിയിറക്ക് നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. നിറയെ ആളെ കയറ്റി അമിത വേഗത്തിൽ ഹോൺ മുഴക്കി എത്തിയ സ്വകാര്യ ബസ്സിനെ കയ്യോടെ പിടികൂടിയ മന്ത്രി എയര്‍ ഹോൺ വിരുദ്ധ പോരാട്ടം കേരളമാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചു. 13 മുതൽ 19 വരെ വ്യാപക പരിശോധന നടത്തി. വാഹനങ്ങളിൽ പിടിപ്പിച്ച എയര്‍ ഹോളുകളെല്ലാം ഊരിമാറ്റി. പിടിച്ചെടുക്കുന്ന എയര്‍ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കാനും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്ലാസ്റ്റിക് കുടിവെള്ള കുപ്പി ഇട്ടതിന്‍റെ പേരിൽ കെഎസ് ആര്‍ടിസി ബസ് വഴിയിൽ തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ശകാരിച്ചത് അടുത്തിടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഹോൺ മുഴക്കിയെത്തിയ ബസ്സിനെ ഓടിച്ചിട്ട് പിടികൂടിയതും സംസ്ഥാനമാകെ എയര്‍ ഹോൺ വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതും. എയര്‍ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ പരമാവധി 2000 രൂപ പിഴയിടാനാണ് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവവസ്ഥ.

YouTube video player