ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്ത് വിട്ടയക്കും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്ത് വിട്ടയക്കും. അറസ്റ്റ് നിലവില്‍ ഉണ്ടാവില്ല എന്നാണ വിവരം. നിലവില്‍ അനന്തസുബ്രഹ്മണ്യത്തെ കൂടാതെ ചില ഇടനിലക്കാരെയും ചോദ്യം നല്‍കി എന്നാണ് വിവരം. അനന്തസുബ്രഹ്മണ്യത്തെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു.

അനന്തസുബ്രഹ്മണ്യത്തിന്റെ പങ്കിനെ കുറിച്ച് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ് - മഹസർ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചിരിക്കുന്നു എന്ന് മഹസറിൽ കാണിച്ചിട്ടുണ്ടെങ്കിലും, 19/07/2019 ലെ മഹസർ പ്രകാരം യഥാർത്ഥത്തിൽ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യം ആണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിനുനേരെ ഒപ്പിട്ടിരിക്കുന്നത് അനന്തസുബ്രഹ്മണ്യം ആണ്. അതുപോലെ 20/07/2019 ലെ മഹസ്സർ പ്രകാരം ഏറ്റുവാങ്ങിയ ലോഹപാളികളും യഥാർത്ഥത്തിൽ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് കന്നഡ സ്വദേശി ആർ രമേശ് ആണ്. ഉണ്ണികൃഷ്ണൻ പോറ്റി എന്ന പേരിന് നേരെ ഒപ്പിട്ടിരിക്കുന്നത് ആർ രമേശ് ആണ്. ഈ രണ്ടു ദിവസങ്ങളിലും ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ഇല്ലായിരുന്നു എന്ന് വെളിവായിട്ടുണ്ട്.

റിപ്പോർട്ട് നാളെ പ്രത്യേക സംഘം ഹൈക്കോടതിയ്ക്ക് കൈമാറും

അതേസമയം, ശബരിമല സ്വർണക്കൊള്ളയക്ക് പിന്നിലെ കൂടുതൽ വിവരങ്ങൾ ഉൾക്കള്ളിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ പ്രത്യേക സംഘം ഹൈക്കോടതിയ്ക്ക് കൈമാറും. ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ കസ്റ്റഡിയിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകും. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ആധാരം ഈട് നൽകി വട്ടിപ്പലിശയക്ക് പണം കടം വാങ്ങിയവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

താൻ ഒറ്റയക്ക് അല്ലെന്നും ബോർഡ് അംഗങ്ങളും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടത്തിയ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നുമാണ് ചോദ്യം ചെയ്യലിൽ പോറ്റി നടത്തിയ വെളിപ്പെടുത്തൽ. ഇതിനായി ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്നും താൻ വെറും ഇടനിലക്കാരൻ മാത്രമാണെന്നുമാണ് പോറ്റി നൽകിയ മൊഴി. ഇതടക്കം കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബെംഗളൂരുവിലും ചെന്നൈയിലും അടക്കം അന്വേഷണ സംഘം നടത്തിയ പരിശോധനയുടെയും വെളിപ്പെടുത്തലിന്‍റെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് നാളെ ഹൈക്കോടതിയക്ക് മുന്നിലെത്തുക. പഴയ ബോ‍ർഡ് അംങ്ങൾക്ക് പുറമെ നിലവിലുള്ള ബോർഡ് അംഗങ്ങളും അന്വേഷണ പരിധിയൽ ഉൾപ്പെടുമോ എന്ന് റിപ്പോർട്ടിലുണ്ടാകും. ദ്വാരപാലക ശിൽപ്പങ്ങൾ കഴിഞ്ഞ സെപ്റ്റംബറിൽ വീണ്ടും സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയക്ക് കൈമാറിയത് ഇപ്പോഴത്തെ ബോർ‍ഡ് ആണ്. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയിൽ കൽപ്പേഷ്, നാഗേഷ് എന്നിവർ പ്രതികളാകും.

നാഗേഷാണ് ഹൈദരാബാദിൽ ചെമ്പ് പാളികളിൽ അറ്റകുറ്റപ്പണി നടത്തിയത്. ഒറിജിനൽ പാളികൾ തന്നെയാണ് നാഗഷ് ചെന്നൈയിലേക്ക് കൊണ്ടുപോയത് എന്നതിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുക്കുന്നതോടെ നിലവിലുള്ള പാളികൾ ഡ്യൂപ്ലിക്കേറ്റ് ആണോ എന്നതിൽ വ്യക്തതയുണ്ടാകും. സ്വർണക്കൊള്ളയിൽ നിന്ന് ലഭിച്ച ലാഭ വിഹിതമാണ് ഉണ്ണികൃഷ്ണൻ പോറ്റി വട്ടിപ്പലിശയക്ക് നൽകിയത്. ഇങ്ങനെ ആധാരം പണയപ്പെടുത്തി 2020 ന് ശേഷം പണം വാങ്ങിയവരുടെ മൊഴികൾ പ്രത്യേക സംഘം രേഖപ്പെടുത്തും. തൊണ്ടി മുതൽ വിൽപ്പന നടത്തി ലഭിച്ച പണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്വർണം ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് പ്രതി. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി കൂടുതൽ പരിശോധന പ്രതിയെ കൊണ്ടുപോയി നടത്തും.

YouTube video player