തിരുവനന്തപുരം: സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ സർക്കാർ നീക്കം. മുൻ കശുവണ്ടി കോർപ്പറേഷൻ എംഡി കെ എ രതീഷിനെ കൺസ്യൂമർ ഫെഡ് എംഡിയാക്കി നിയമിക്കാനാണ് നീക്കം നടക്കുന്നത്. 

14 പേർ അപേക്ഷ നല്‍കിയതില്‍ അഞ്ച് പേരെ അഭിമുഖത്തിന് തെരഞ്ഞെടുപ്പിരുന്നു. അതില്‍ ഒരാൾ സിബിഐ അന്വേഷണം നേരിടുന്ന രതീഷാണ്. അഭിമുഖത്തിൽ രതീഷ് ഒന്നാമനായി. വിജിലൻസിന്റെ ക്ലിയറൻസ് ലഭിച്ചാൽ നിയമനം നൽകും എന്നാണ് വിവരം. കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിലാണ് കെ എ രതീഷ് അന്വേഷണം നേരിടുന്നത്. 

കശുവണ്ടി വികസന കോര്‍പ്പറേഷൻ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്തത്.