പത്തനംതിട്ട: ആരെയും കളളക്കേസില്‍ കുടുക്കിയിട്ടില്ലെന്ന് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ്‍കുമാര്‍. തന്നെ ചുറ്റിപ്പറ്റി ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ഗണേഷ്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മല്‍സരത്തിനായി കൊട്ടാരക്കരയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങളും പൂര്‍ണമായി തളളിക്കളഞ്ഞ ഗണേഷ്കുമാറിനായി പത്തനാപുരത്ത് പ്രചാരണവും തുടങ്ങി.

സിപിഎം നേതാവ് കെ എന്‍ ബാലഗോപാലിന് പത്തനാപുരം നല്‍കി കൊട്ടാരക്കരയിലേക്ക് ഗണേഷ് മാറുമെന്ന തരത്തില്‍ ഇടതുമുന്നണി നേതാക്കള്‍ക്കിടയില്‍ പോലും ഉണ്ടായ പ്രചാരണങ്ങളുടെ കൂടി മുകളിലേക്കാണ് അണികളുടെ ചുവരെഴുത്ത്. നടി ആക്രമണ കേസില്‍ പിഎ പ്രദീപിന്‍റെ അറസ്റ്റും സിപിഐ പ്രാദേശിക നേതൃത്വത്തിന്‍റെ വിമര്‍ശനങ്ങളുമടക്കം സമീപകാലത്തുണ്ടായ വിവാദങ്ങളെ ഭയമില്ലെന്ന നിലപാടിലാണ് എംഎല്‍എ. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയത് ഗണേഷാണെന്ന മുന്‍ വിശ്വസ്തന്‍റെ ആരോപണത്തിനുളള പരോക്ഷ മറുപടിയുമുണ്ട് പത്തനാപുരം എംഎല്‍എയുടെ വാക്കുകളില്‍.

എല്ലാ വിവാദങ്ങള്‍ക്കുമപ്പുറം എംഎല്‍എ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പത്തനാപുരത്ത് തുടര്‍ച്ചയായ അഞ്ചാം വിജയം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഗണേഷ് ഏറെ നേരത്തെ പ്രചാരണത്തിന് തുടക്കമിട്ടത്.