'എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി'; സിപിഐ നിലപാടില്‍ വേണുഗോപാല്‍
സിപിഎം നിലപാട് പരിശോധിക്കണമെന്നും സിപിഎം ദേശീയ നേതൃത്വം അശക്തരെന്ന് വ്യഖ്യാനിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐ നിലപാടില്‍ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണ്. സ്ഥാനാർത്ഥി നിർണയത്തെ പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍, സിപിഎമ്മിന് ഭയമാണെന്നും വിമര്‍ശിച്ചു. ബിജെപി വിരുദ്ധ നീക്കങ്ങളുടെ മുന്നില്‍ നില്‍ക്കാൻ സിപിഎമ്മിന് ഭയമാണ്. സിപിഎമ്മിന് എന്ത് പറ്റിയെന്ന് അറിയില്ല. സിപിഎം നിലപാട് പരിശോധിക്കണമെന്നും സിപിഎം ദേശീയ നേതൃത്വം അശക്തരെന്ന് വ്യഖ്യാനിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ ബിജെപി വിരുദ്ധ നീക്കങ്ങളുടെ മുന്നിൽ നിൽക്കാൻ സിപിഎമ്മിന് ഭയമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമാകാതിരുന്ന ഏക പാർട്ടി ജെഡിഎസാണ്. കഴിഞ്ഞ ആറ് മാസമായി ബിജെപിയുമായി ജെഡിഎസ് ചർച്ച നടത്തുകയാണ്. ഇതൊന്നും സിപിഎം കണ്ടിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. ജെഡിഎസ് ചർച്ച നടത്തിയ ശേഷമാണ് ബിജെപിയിലേക്ക് പോകുന്നത്. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കർണാടകയിൽ അവർ സ്വീകരിച്ചത്. ജെഡിഎസ് വിഷയത്തിൽ സിപിഎമ്മിറ്റേതു മൃദു സമീപനമാണ്. ഇപ്പോഴും അവർ തീരുമാനിക്കട്ടെ എന്നാണ് സിപിഎം പറയുന്നത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുൽ വയനാട്ടിൽ മത്സരിക്കരുതെന്ന് സിപിഐ
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്നാണ് സിപിഐ നിർവാഹക സമിതിയിൽ അഭിപ്രായം ഉയര്‍ന്നത്. രാജ്യസഭ എം പി പി സന്തോഷ് കുമാറാണ് ഈ അഭിപ്രായമുന്നയിച്ചത്. ഇത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നാണ് വിമർശനം. കേരളത്തിലെ നേതാക്കൾ വയനാട്ടിൽ രാഹുലിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടു എന്നതിലും അദ്ദേഹം വിമർശനമുയർത്തി. രാഹുൽ ബിജെപിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണമെന്നും സിപിഐ നിർവാഹക സമിതിയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.