റവാഡയുടേത് കേന്ദ്രവുമായുള്ള ഒത്തുതീര്‍പ്പ് നിയമനം ആണെന്നാണ് കെ സി വേണുഗോപാൽ ആരോപിക്കുന്നത്. കേന്ദ്ര സർക്കാരുമായുള്ള രണ്ടാം ഡിൽ ആണിതെന്നും വേണുഗോപാൽ ആരോപിച്ചു.
കണ്ണൂർ: ഡിജിപി നിയമനത്തില്‍ ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. റവാഡയുടേത് കേന്ദ്രവുമായുള്ള ഒത്തുതീര്‍പ്പ് നിയമനം ആണെന്നാണ് കെ സി വേണുഗോപാൽ ആരോപിക്കുന്നത്. എന്തുകൊണ്ട് യോഗേഷ് ഗുപ്തയെയും നിതിൻ അഗർവാളിനെയും തഴഞ്ഞ് റവാടാ ചന്ദ്രശേഖരനെ ഡിജിപിയായി നിയമിച്ചു എന്ന ചോദ്യമാണ് വേണുഗോപാൽ ഉയർത്തുന്നത്. കേന്ദ്രവുമായുള്ള ഡീലാണ് ഡിജിപി നിയമനമെന്ന് ആരോപിച്ച കെ സി, സിപിഎം രക്തസാക്ഷികളെ മറന്നുവെന്നും കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരുമായുള്ള രണ്ടാം ഡിൽ ആണിതെന്നും വേണുഗോപാൽ ആരോപിച്ചു. റവാഡ മോശക്കാരനാണെന്ന് അഭിപ്രായമില്ല. മുന്‍ നിലപാട് തെറ്റായിപ്പോയെന്ന് പറയാന്‍ സിപിഎം ആര്‍ജവം കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പി ജയരാജൻ പ്രകടിപ്പിച്ച വൈകാരികത അവഗണിച്ച കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സർക്കാർ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് വന്നു. കൂത്തുപറമ്പ് വെടിവെപ്പിനെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ റവാഡക്കെതിരെ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. എന്നാൽ കണ്ണൂരിലെ അണികളുടെ വികാരം കൂടി പരിഗണിച്ച് ഡിജിപി നിയമന കാര്യത്തിൽ സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഇല്ലെന്ന ഏറ്റുപറച്ചിൽ കൂടി രാകേഷിന്റെ ഭാഗത്തുനിന്നും ഉണ്ടായി. കൂത്തുപറമ്പ് വെടിവെപ്പിനെ കുറിച്ച് അന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ടാണ് റവാഡയെ ന്യായീകരിക്കാനായി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇതേ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷമാണ് റവഡയേ സിപിഎം സർക്കാർ കൊലക്കുറ്റത്തിന് പ്രതിചേർത്തത് എന്നതാണ് ഏറെ വിചിത്രം. ഈ വിഷയത്തിൽ പാർട്ടി അണികളുടെ വികാരം ശമിപ്പിക്കാൻ പറ്റുന്ന വിധത്തിലുള്ള ന്യായീകരണം നേതാക്കൾക്ക് മുന്നോട്ടുവെക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം.
ഡിജിപി നിയമന കാര്യത്തിൽ വേണുഗോപാൽ ഉന്നയിച്ച ആരോപണം കേരള രാഷ്ട്രീയത്തിൽ എന്നപോലെ സിപിഎമ്മിന് അകത്തും പുതിയ തർക്കങ്ങൾക്ക് തുടക്കമിടും. പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങളിൽ അടക്കം ചുമതല ഉണ്ടായിരുന്ന ഒരാൾ പെട്ടെന്ന് എങ്ങിനെ സിപിഎമ്മിന് പ്രിയപ്പെട്ടവനായി എന്ന സംശയമാണ് വേണുഗോപാൽ ഉയർത്തുന്നത്. ഇതിനിടെ റവഡയുടെ ആദ്യം ഔദ്യോഗിക പരിപാടി കണ്ണൂരിൽ ആണ് എന്നതും ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന അവലോകന യോഗത്തിലാണ് റവഡ എത്തുന്നത്.


