ആലപ്പുഴ: പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണമെന്ന് കെ സി വേണുഗോപാല്‍. നാടിനെ വിഭജിക്കാന്‍ ദേശീയതയെയും മതത്തെയും ഉപയോഗിക്കുന്നെന്നും, പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് അങ്ങേയറ്റം അപകടകരമെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. പൗരത്വ വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കെ സി വേണുഗോപാല്‍ നടത്തിയത്. കേരള ഗവര്‍ണ്ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ജോലി ചെയ്യുന്നെന്നായിരുന്നു വിമര്‍ശനം. ഭരണഘടനാ സംരക്ഷകന്‍ എന്ന് പറഞ്ഞിട്ട് ഭരണഘടനയ്‍ക്ക് എതിരെ നില്‍ക്കുന്നെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. 

ഗവര്‍ണര്‍ക്കെതിരെ നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും കടുപ്പിച്ചിരുന്നു. ദൈവത്തിന് മുകളിലാണെന്നാണ് കേരള ഗവർണറുടെ വിചാരമെന്നായിരുന്നു കപിൽ സിബലിന്‍റെ വിമര്‍ശനം. രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ച് പ്രവർത്തിക്കണം. സംസ്ഥാന മന്ത്രിസഭകളുടെ തീരുമാനം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരസ്യ പ്രതികരണങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് വാര്‍ത്താ സമ്മേളനം നടത്തിയല്ല. ഔചിത്യത്തോടുകൂടിയുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടത്. ഗവര്‍ണര്‍ക്ക് സര്‍ക്കാരിൽ നിന്ന് വിവരങ്ങൾ തേടാമെന്നും അതിനുള്ള മറുപടി സര്‍ക്കാര്‍ നൽകുമെന്നും തോമസ് ഐസക് പറഞ്ഞു. മന്ത്രിമാരാരും പരസ്യ പ്രസ്താവനകളിറക്കി വിവാദത്തിൽ കക്ഷിചേര്‍ന്നിട്ടില്ലെന്നും തോമസ് ഐസക് ഓര്‍മ്മിപ്പിച്ചു. ദില്ലിയിൽ ജിഎസ്ടി യോഗത്തിനെത്തിയതായിരുന്നു തോമസ് ഐസക്.