Asianet News MalayalamAsianet News Malayalam

കെ ഫോൺ - പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതി; സാധ്യതകളും പ്രതീക്ഷയും യാഥാർത്ഥ്യവും

കൊവിഡും, ശിവശങ്കറുമായി ബന്ധപ്പെട്ട വിവാദങ്ങളും പദ്ധതിയെ മന്ദഗതിയിലാക്കിയെങ്കിലും ജനുവരിയോടെ തന്നെ ആദ്യ ഘട്ടം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സർക്കാർ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കെ ഫോണിന്റെ ഭാഗമാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
k fon project kerala left governments dream project possibilities reality and hope
Author
Trivandrum, First Published Nov 29, 2020, 8:41 PM IST

അന്വേഷണവും വിവാദവും വെല്ലുവിളിയും, അവകാശവാദങ്ങളും മറുവാദങ്ങളും. തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന പിണറായി വിജയൻ സ‌‍ർക്കാ‌രിന് കെ ഫോൺ അഭിമാന പദ്ധതിയാണ്. നടപ്പാക്കാനായാൽ കേരളത്തിൽ വൻമാറ്റങ്ങൾ കൊണ്ടു വരാൻ കഴിയുമെന്നാണ് അവകാശവാദം. ഇൻ്റ‍‌‌ർനെറ്റ് രംഗത്തെ കുത്തകകളുടെ അപ്രമാദിത്വം ഇല്ലാതാക്കാൻ പോകുന്ന വിപ്ലവമെന്ന് ഒരു വിഭാഗവും, വെറും തള്ളെന്ന് മറുവിഭാഗവും പറയുന്ന കെ ഫോൺ. എന്താണ് ഈ പദ്ധതി ? എന്ത് കൊണ്ട് ഇത്രയധികം വിവാദങ്ങൾ ? അവകാശവാദങ്ങൾ?

എന്താണ് കെ ഫോൺ ?

തിരുവനന്തപുരം മുതൽ കാസ‌‍‌‍ർകോട് വരെ 54,000 കിലോമീറ്റ‍‌ർ നീളത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഒപ്ടിക്കൽ ഫൈബ‍‌ർ ശൃംഖലയാണ് കേരള ഫൈ‍ബ‌ർ ഒപ്റ്റിക് നെറ്റ്വ‍ർക്ക് എന്ന കെ ഫോൺ. ഗ്രാമ നഗര ഭേദമില്ലാതെ സംസ്ഥാനത്ത് ഉടനീളം വേഗതയേറിയ ഇന്റ‍‌ർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം. സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് വഴി 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വരെ വേഗതയിൽ നെറ്റ്വർക്ക് കണക്ടിവിറ്റി ലഭ്യമാക്കാനാകുമെന്ന് സർക്കാർ പറയുന്നു. 
 
 2017 മേയിലാണ് പദ്ധതിക്ക് ജീവൻ വയ്ക്കുന്നത്. തുടക്കം മുതൽ പദ്ധതിക്കായി കളത്തിലിറങ്ങിയത് എം ശിവശങ്കറും. ശിവശങ്കറിന്‍റെ മാനസ പദ്ധതിയാണ് കെ ഫോൺ എന്ന് തന്നെ പറയാം. 2019ൽ പദ്ധതിക്ക് 1548 കോടി രൂപയുടെ ഭരണാനുമതിയായി. കേബിളിടുന്നത് അടക്കമുള്ള ജോലികൾ കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് ഇലക്ട്രോണിസ് ലിമിറ്റഡിന് കരാറടിസ്ഥാനത്തിൽ നൽകുകയും ചെയ്തു. മറ്റ് പല സർക്കാർ പദ്ധതികൾക്കും സംഭവിക്കുന്നത് പോലെയുള്ള നടത്തിപ്പിലെ മെല്ലെപ്പോക്ക് കെ ഫോണിനെ ബാധിക്കാതിരിക്കാൻ ഓരോ ഘട്ടത്തിലും എം ശിവശങ്കറിന്‍റെ ഇടപെടലുകൾ ഉണ്ടായിരുന്നു. ഈ ഇടപെടലുകൾക്കെല്ലാം മുഖ്യമന്ത്രിയുടെ ആശിർവാദവും അകമഴിഞ്ഞ പിന്തുണയും ഉണ്ടായിരുന്നു. ലഭിക്കുന്ന ഓരോ അവസരത്തിലും മുഖ്യമന്ത്രി കെ ഫോണിനെ പറ്റിയും അതിൻ്റെ സാധ്യതകളെ പറ്റിയും വാചാലാനായി. എന്ത് സംഭവിച്ചാലും കെ ഫോൺ നടപ്പാക്കുമെന്ന് പിണറായി വിജയൻ ആണയിടുന്നു. 
 
49 ശതമാനം ഓഹരി കെഎസ്ഇബിക്ക്, 49 ശതമാനം ഓഹരി കെഎസ്ഐടിഐഎല്ലിന് ( കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്രട്കചർ ലിമിറ്റഡ് ) ശേഷിക്കുന്ന രണ്ട് ശതമാനം ഓഹരി കേരള സർക്കാരിന്. കെ ഫോണിൻ്റെ നിലവിലെ ഘടന ഇങ്ങനെയാണ്. പദ്ധതി പൂർണ്ണതയിലെത്തിയ ശേഷമായിരിക്കും വ്യക്തമായ കമ്പനി ഘടന നിലവിൽ വരിക. 

20 ലക്ഷം ബിപിഎൽ കുടുംബംങ്ങൾക്ക് സൗജന്യ ഇന്റ‍ർനെറ്റ് ലഭ്യമാക്കുമെന്നതും, സർക്കാർ ഓഫീസുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതി വേഗ കണക്ടിവിറ്റി ലഭ്യമാക്കുമെന്ന പ്രഖ്യാപനവും കേട്ട് തെറ്റിദ്ധരിക്കരുത് കെ ഫോൺ ഒരു ഇൻ്റർനെറ്റ് സേവന ദാതാവ് ( ISP ) അല്ല. മറിച്ച് അടിസ്ഥാന സൗകര്യ വികസനമാണ് കെ ഫോണിലൂടെ സാധ്യമാകുന്നത്. 
 
റോഡാണ് ബസ് സർവ്വീസ് അല്ല  
 
ഒന്ന് സാമാന്യവത്കരിച്ചാൽ നല്ല ഒന്നാന്തരം ഹൈ വേ പണിയുകയാണ് കേരള സർക്കാർ. നിലവിലെ രണ്ട് വരി പാതയ്ക്ക് പകരം വർഷങ്ങൾക്ക് ശേഷമുണ്ടാകാൻ പോകുന്ന വാഹന തിരക്ക് കൂടി കണക്കിലെടുത്തുള്ള നല്ല എട്ട് വരി പാത. പക്ഷേ ഹൈവേയിലൂടെ സർക്കാർ കാശ് വാങ്ങി വണ്ടിയോടിക്കില്ല. പകരം എല്ലാവർക്കും വാഹനമിറക്കാനുള്ള അനുമതി നൽകും. മറ്റ് ഇൻ്റർനെറ്റ് സേവനദാതാക്കൾക്ക് കെ ഫോൺ ശൃംഖല ഉപയോഗപ്പെടുത്താം അത് വഴി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വേഗതയും സ്ഥിരതയുള്ള കണക്ഷനും ഉറപ്പാക്കാം. ലോക്ക് ഡൗൺ കാലത്തും മറ്റും ആളുകൾ കൂട്ടത്തോടെ ഇൻ്റർനെറ്റ് ഉപയോഗിച്ച് തുടങ്ങിയപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ഓർക്കുക. കെ ഫോൺ പൂർണ്ണതയിലെത്തിയാൽ ബാൻഡ് വിഡ്ത്ത് പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 
 
കൊച്ചി ഇൻഫോപാ‌ർക്കിലാണ്,കെ ഫോണിന്റെ നെറ്റ്വ‌ർക്ക് ഓപ്പറേഷൻസ് സെൻ്റ‌ർ സ്ഥാപിക്കുന്നത്.  378  കെഎസ്ഇബി സബ്സ്റ്റേഷനുകൾ വഴിയായിരിക്കും സേവനദാതാക്കൾക്ക് കെ ഫോൺ ശൃംഖലയിലേക്ക് പ്രവേശിക്കാനാകുക. താൽപര്യമുള്ള ഏതൊരു സേവനദേതാവിനും പദ്ധതിയിൽ ഭാഗമാകാം, ഏതെങ്കിലും ഒരു സേവനദാതാവിനായി മാത്രം കെ ഫോണിന്റെ സൗകര്യങ്ങൾ പരിമിതപ്പെടുത്തി നൽകില്ല. പദ്ധതി യാഥാ‌ർത്ഥ്യമാകുന്നതോടെ നിലവിലെ കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വ‌ർക്ക് ഇതിലേക്ക് ബന്ധിപ്പിക്കും.
 
സാധ്യതകൾ, പ്രതീക്ഷകൾ
 
ഇന്‍റര്‍‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും നഗരങ്ങളും ഗ്രാമങ്ങളും നെറ്റ് കവറേജിലും വേഗതയിലും അജഗജാന്തരം വ്യത്യമാസമാണ് ഉള്ളത്. കേരളത്തിൽ ഇങ്ങനെയൊരു വ്യത്യാസം കാര്യമായി ഇല്ലെങ്കിലും നഗര ഗ്രാമ വ്യത്യാസമില്ലാതെ മികച്ച കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് വരും കാലത്ത് അത്യാവശ്യമാണ്. കൊവിഡ് സാഹചര്യം അതിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുകയും ചെയ്തു. 
 
മഹാമാരിക്കാലത്ത് കമ്പനികൾ കൂട്ടത്തോടെ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുകയും ക്ലാസുകൾ വലിയ അളവിൽ ഓൺലൈൻ ആകുകയും ചെയ്തപ്പോൾ എടുക്കേണ്ടി വന്ന നടപടികൾ കെ ഫോൺ പോലെ ഒരു പദ്ധതിയുടെ ആവശ്യകത വ്യക്തമാക്കുന്നു. യൂട്യൂബ് അടക്കമുള്ള വീഡിയോ പ്ലാറ്റ്‍ഫോമുകളോട് വീഡിയോ ക്വാളിറ്റി കുറയ്ക്കാൻ ആവശ്യപ്പെടേണ്ടി വന്നുവെന്ന് ഓർക്കുക.
 
അതി വേഗ ഇൻ്റർനെറ്റ് എവിടെയും ലഭ്യമാകുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്റ്റാർട്ടപ്പുകളും  സേവനമേഖലയിലെ ഐടി കമ്പനികളും തിരുവനന്തപുരവും കൊച്ചിയും പോലുള്ള വൻ നഗരങ്ങൾ കേന്ദ്രീകരിക്കുന്ന രീതിയിൽ തന്നെ മാറ്റമുണ്ടായേക്കാം. പാവപ്പെട്ട കുടുംബങ്ങൾക്കും മികച്ച ഇൻ്റർനെറ്റ് കണക്ടിവിറ്റി സൗജന്യമായി ലഭ്യമാക്കാനായാൽ ഈ കുടുംബങ്ങളിലെ കുട്ടികളുടെ പഠനത്തിന് അത് വലിയ പ്രയോജനം ചെയ്യും.
 
ഈ അധ്യയന വർഷം ഓൺലൈനും ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗും വഴിയാണ് മുന്നോട്ട് പോകുന്നതെന്നത് കൂടി ചേർത്ത് വായിക്കുക. ഇൻ്റർനെറ്റ് മാത്രം ലഭ്യമാക്കിയാൽ കാര്യമുണ്ടോ എന്ന ചോദ്യം നിലനിൽക്കുമ്പോഴും അതെത്തിക്കാനാവുന്നത് ചെറിയ കാര്യമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പദ്ധതിയിലൂടെ അതിവേഗ സൗജന്യ ഇൻ്റർനെറ്റ് ലഭ്യമാക്കുന്നുണ്ട്. 
 
ഭരണ രംഗത്തും കെ ഫോൺ മാറ്റങ്ങൾ കൊണ്ട് വരും. സർക്കാ‌‌ർ സ്ഥാപനങ്ങൾക്കും പദ്ധതിയിലൂടെ അതിവേഗ കണക്ടിവിറ്റി ലഭ്യമാകും. കോടതികളെയും ജയിലുകളെയും തമ്മിൽ ബന്ധിപ്പിച്ച് ടെലി കോൺഫ്രൻസിംഗ് വഴി വിചാരണ നടപടികൾ നടത്തുന്ന പദ്ധതി പരിഗണനയിലാണ്, എംഎൽഎമാ‌ർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കെ ഫോൺ ശൃംഖല ഉപയോഗിച്ച് പൊതു ഇടങ്ങളിൽ അതി വേഗ വൈ ഫൈ ലഭ്യമാക്കാനാകും, കെ ഫോൺ എന്ന അതിവേഗ ഇൻ്റർനെറ്റ് ഹൈവേ നിലവിൽ വരുന്നതോടെ ഐടി അധിഷ്ഠിത സേവനങ്ങളിൽ സംസ്ഥാനത്ത് വൻ കുതിച്ച് ചാട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. 
 
ടെലിമെഡിസിൻ അടക്കമുള്ള മേഖലകളിലും ഗുണപരമായ മാറ്റമുണ്ടാകും.
 
സർക്കാർ സ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രത്യേക ഇൻ്ട്രാ നെറ്റ്വർക്ക് സ്ഥാപിതമാകുന്നതോടെ നിലവിലുള്ളതിനെക്കാൾ കാര്യക്ഷമമായി ഫയൽ കൈമാറ്റമടക്കമുള്ള കാര്യങ്ങൾ നടപ്പാക്കാനാകും. 
 
ഒടിടി പ്ലാറ്റ്‍ഫോമുകൾക്കും കെ ഫോൺ കൂടുതൽ സാധ്യതകൾ തുറന്ന് നൽകും, മൊബൈൽ ഇൻ്റർനെറ്റ് നിരക്കുകൾ വർദ്ധനയുടെ പടിവാതിൽക്കലെത്തി നിൽക്കെയാണ് കെ ഫോൺ പൂർണ്ണതയിലെത്തുന്നത് എന്നത് കൂടി ചേർത്ത് വായിക്കണം. നിലവിൽ എറ്റവും കൂടുതൽ ആളുകൾ മൊബൈൽ കണക്ടിവിറ്റിയിലൂടെയാണ് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നത്.  കെ ഫോൺ ഇതിന് മാറ്റമുണ്ടാക്കും.
 
കേബിൾ ടിവി സേവനങ്ങൾക്കും,  പ്രാദേശിക ഇന്റർനെറ്റ് സേവന ദാതാക്കൾക്കും കെ ഫോൺ സഹായകരമായേക്കും. 
 
 
ഇപ്പോൾ എന്താണ് അവസ്ഥ ?
 
കൊവിഡും, ശിവശങ്കറുമായി ബന്ധപ്പെട്ട വിവാദങ്ങളും പദ്ധതിയെ മന്ദഗതിയിലാക്കിയെങ്കിലും ജനുവരിയോടെ തന്നെ ആദ്യ ഘട്ടം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സർക്കാർ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കെ ഫോണിന്റെ ഭാഗമാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കേബിൾ ഇടുന്നതും ഡാറ്റാ സെന്റർ സജ്ജീകരണവുമെല്ലാം നന്നായി മുന്നേറുന്നുവെന്നാണ് പദ്ധതിയുടെ ഭാഗമായ കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നത്. 
 
ട്രാൻസ്മിഷൻ ലൈനുകളിൽ ജോലി ചെയ്യുന്നത് ഉത്തരേന്ത്യയിൽ നിന്നുള്ള തൊഴിലാളികളാണ് ഇവർക്ക് കേരളത്തിലേക്ക് വരുന്നതിനും താമസിക്കുന്നതിനുമെല്ലാം ബുദ്ധിമുട്ട് നേരിട്ടു. സംഘമായി താമസിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതും, ഇത്രയും പേർക്ക് താമസ സൗകര്യം ഒരുക്കുന്നതും ലോക്ക് ഡൗൺ കാലത്ത് വെല്ലുവിളിയായിരുന്നു. പദ്ധതിയുടെ എറ്റവും വലിയ വക്താവായ ശിവങ്കർ വിവാദങ്ങളിലും കേസുകളിലും പെട്ടത് പദ്ധതി നടപ്പിനെ ബാധിച്ചുവെന്നും ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. 
 
പ്രതിദിനം 75 കിലോമീറ്റർ ദൂരം വരെ കേബിളിട്ടിരുന്നത് 25 കിലോമീറ്റർ എന്ന രീതിയിലേക്ക് പ്രവർത്തന വേഗത കുറയ്ക്കേണ്ടി വന്നു. നിലവിൽ ആറായിരം കിലോമീറ്ററോളം കേബിൾ സ്ഥാപിച്ച് കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ എട്ടായിരത്തോളം സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 
 
സർക്കാർ ഓഫീസുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇൻട്രാനെറ്റ് സംവിധാനമാണ് ആദ്യം നിലവിൽ വരുന്നത്. ഫയൽ നീക്കത്തിനും വകുപ്പുകൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തിനും ഇത് ഗുണം ചെയ്യും.
 
 
മൊബൈൽ കമ്പനികൾക്ക് കെ ഫോൺ പാരയാകുമോ ?
 
കെ ഫോൺ ഇൻ്റർനെറ്റ് സേവന ദാതാവല്ല അത് കൊണ്ട് തന്നെ നിലവിലെ ടെലികോം മത്സരരംഗത്ത് കെ ഫോൺ നേരിട്ട് പങ്കാളിയുമാകില്ല. പക്ഷേ കെ ഫോണുമായി കൈകോർത്താൽ മറ്റ് ഐഎസ്‍പികൾക്ക് ഒരുപാട് ഗുണമുണ്ട് താനും. നേരത്തെ പറഞ്ഞത് പോലെ ഇതൊരു മികച്ച ഹൈവേയാണ് കെ ഫോണുമായി ചേർന്ന് സ്വന്തം സേവന ശൃംഖല മെച്ചപ്പെടുത്താനാകും ഐഎസ്പികൾ ശ്രമിക്കുക. ചെറുകിട ഇൻ്റർനെറ്റ് സേവനദാതാക്കൾക്ക് കെ ഫോൺ വലിയ സാധ്യതകളാണ് തുറന്ന് നൽകുന്നത്. വമ്പൻ മാർക്ക് സ്വന്തമായി കേബിളിടുന്നതിന് പകരം കെ ഫോണിന്റെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം. 
 
ഐഎസ്പികളുമായി കെ ഫോൺ കരാറുണ്ടാക്കുന്നതെങ്ങനെയായിരിക്കുമെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. രാജ്യം 5ജിയിലേക്ക് കടക്കുമ്പോൾ കെ ഫോൺ പോലെ ഒരു സംവിധാനം സുസജ്ജമായി നിൽക്കുന്നത് കേരളത്തിന് അതിന്റെ സാധ്യതകൾ പെട്ടന്ന് ഉപയോഗിക്കാൻ അവസരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. 
 
 
അല്ല അപ്പോ സൗജന്യ ഇൻ്റർനെറ്റ് എങ്ങനെ ?
 
കെ ഫോൺ എന്ന ഹൈവേയിൽ വണ്ടി ഓടിക്കുന്നതിന് ഐഎസ്പികൾ സർക്കാരിന് പകരം നൽകേണ്ടത് ഈ സൗജന്യമാണ്. സർക്കാർ നിർദ്ദേശിക്കുന്ന അർഹതപ്പെട്ട വിഭാഗങ്ങൾക്ക് സൗജന്യമായി കണക്ടിവിറ്റി ലഭ്യമാക്കണം. 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് ഇത് സഹായകരമാകുമെന്നാണ് കണക്ക് കൂട്ടുന്നത്. സർക്കാർ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാൽ തന്നെ കമ്പനികൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഭീമമായ മുതൽ മുടക്ക് നടത്തേണ്ട ആവശ്യമില്ല. മേൽനോട്ടത്തിനും പരിപാലനത്തിനും സ്വാഭാവികമായി കമ്പനികൾക്ക് പണമിറക്കേണ്ടി വരില്ല. ഈ ഭാരം തിരിച്ച് ഉപഭോക്താവ് വഹിക്കേണ്ടി  വരികയില്ലെന്നും പ്രതീക്ഷിക്കാം. ഡാറ്റാ നിരക്ക് കുറച്ച് നൽകാൻ അതിനാൽ തന്നെ കമ്പനികൾക്ക് സാധിക്കേണ്ടതാണ്. അതിനുള്ള നിർദ്ദേശങ്ങളോടെയായിരിക്കും കെ ഫോൺ ഐഎസ്പികൾക്ക് കരാർ നൽകുക. 
 
ഒടുവിലാൻ
 
എം ശിവങ്കറിൻ്റെ അഭിമാന പദ്ധതിയാണ് കെ ഫോൺ. പദ്ധതി മുഖ്യമന്ത്രിക്ക് മുമ്പിൽ എത്തിച്ചതും സമ്മതിപ്പിച്ചതും, കാര്യങ്ങൾ അതിവേഗം പൂർത്തിയാക്കുന്നതിന് വേണ്ടി ഇടപെടലുകൾ നടത്തിയതും ശിവശങ്കറാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥന് ചെയ്യാൻ പറ്റാവുന്നതെല്ലാം ശിവശങ്കർ കെ ഫോണിനായി ചെയ്തിട്ടുണ്ട്. ഒരു പക്ഷേ തൻ്റെ അധികാര പരിധിക്കപ്പുറത്തേക്കും ശിവശങ്കർ കെ ഫോണിനായി ചരടുവലികൾ നടത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് വിവാദവും, സ്പ്രിംക്ളറും പുറത്ത് വന്നില്ലായിരുന്നെങ്കിൽ കെ ഫോൺ നടപ്പാക്കിയ ഉദ്യോഗസ്ഥനെന്ന പേരിൽ അറിയപ്പെടുമായിരുന്നു ശിവശങ്കർ. കേരള ചരിത്രം ശിവശങ്കറിനെ ഇനിയെങ്ങനെയായിരിക്കും രേഖപ്പെടുത്തുകയെന്ന് കാത്തിരുന്ന് കാണാം. പക്ഷേ ഉദ്ദേശിച്ച രീതിയിൽ തന്നെ നടപ്പാക്കപ്പെടുകയാണെങ്കിൽ കേരള വികസനത്തിൽ സുപ്രധാന ഏടായിരിക്കും കെ ഫോൺ എന്നതിൽ സംശയം വേണ്ട. 
Follow Us:
Download App:
  • android
  • ios