സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബ‍ർ ആക്രമണക്കേസിൽ കെഎം ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. പൊലീസ് സംരക്ഷണത്തിലാണ് എത്തിയത്. അതേസമയം, തനിക്കെതിരെ വന്ന ആരോപണത്തിന് പിന്നിൽ പറവൂര്‍ കേന്ദ്രീകരിച്ച് ഗൂഢാലോചനയുണ്ടെന്ന് ഉണ്ണികൃഷ്ണൻ എംഎൽഎ ആരോപിച്ചു

കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബ‍ർ ആക്രമണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി കെഎം ഷാജഹാൻ. എറണാകുളം റൂറൽ സൈബർ പൊലീസ് കെഎം ഷാജഹാനെ ചോദ്യം ചെയ്യുകയാണ്. പൊലീസ് സംരക്ഷണത്തിലാണ് കെഎം ഷാജഹാൻ ചോദ്യം ചെയ്യലിന് എത്തിയത്. ആലുവ റെയില്‍വെ സ്റ്റേഷൻ മുതൽ പൊലീസ് സംരക്ഷണം ഒരുക്കി. ആലുവയിലാണ് ചോദ്യം ചെയ്യൽ. പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെഎം ഷാജഹാൻ അവഹേളിച്ചുവെന്നും അത് സൈബര്‍ ആക്രമണത്തിന് കാരണമായെന്നുമാണ് കെജെ ഷൈനിന്‍റെ പരാതി. എന്നാൽ, അത്തരത്തിൽ അവഹേളിച്ചിട്ടില്ലെന്നാണ് കെഎം ഷാജഹാൻ പറയുന്നത്. 

അതേസമയം, തനിക്കെതിരെ വന്ന ആരോപണത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആരോപിച്ചു. പറവൂര്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. എന്തുകൊണ്ട് ആരോപണം ഉയര്‍ന്നുവെന്ന് അറിയില്ല. ആസൂത്രീത നീക്കത്തിൽ വൈപ്പിൻ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ല. പ്രതിപക്ഷ നേതാവ് ഗൂഢാലോചന നടത്തിയോ എന്ന് തനിക്ക് അറിയില്ലെന്നും അന്വേഷണത്തിലൂടെ ഇക്കാര്യങ്ങള്‍ കണ്ടെത്തണമെന്നും കെഎൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം, കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് സെഷൻസ് കോടതി റിപ്പോർട്ട് തേടി.

വിദേശത്തുള്ള മൂന്നാം പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും

കെ.ജെ. ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനുള്ള അന്വേഷണ സംഘത്തിന്‍റെ നീക്കത്തിനിടെയാണ് ഇന്ന് കെഎം ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒന്നും രണ്ടും പ്രതികളായ സി.കെ. ഗോപാലകൃഷ്ണനും കെ. എം. ഷാജഹാനും നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തിയിരുന്നില്ല. ഗോപാലകൃഷ്ണന് പിന്നാലെ ഷാജഹാനും മുൻ‌കൂർ ജാമ്യപേക്ഷ സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മൂന്നാം പ്രതി കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനോടും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള യാസർ ഹാജരാകുന്നില്ലെങ്കിൽ അന്വേഷണ സംഘം ലുക്ക്‌ ഔട്ട് സർക്കുലർ ഇറക്കും. അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം തേടി മെറ്റയ്ക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. തനിക്കും കുടുംബത്തിനും എതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന ഗോപാലകൃഷ്ണന്‍റെ ഭാര്യയുടെ പരാതിയിൽ ഇന്നലെ മൊഴിയെടുത്തിരുന്നു. എന്നാൽ,കേസ് എടുക്കുന്ന നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല.

YouTube video player