ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം രൂപീകരിച്ച പുതിയ തസ്തികയാണിത്. ഡിപിഐ ഓഫീസും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റുകളുമെല്ലാം ഇനി ഡിജിഇക്ക് കീഴിലാണ് വരിക

തിരുവനന്തപുരം: കെ ജീവൻ ബാബു ഐഎഎസിനെ ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ ആയി നിയമിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം രൂപീകരിച്ച പുതിയ തസ്തികയാണിത്. ഡിപിഐ ഓഫീസും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റുകളുമെല്ലാം ഇനി ഡിജിഇക്ക് കീഴിലാണ് വരിക. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെയും പ്ലസ്ടു, വിഎച്ച്എസ്ഇ ക്ലാസുകളിലെയും പരീക്ഷകളുടെ നടത്തിപ്പ്ചുമതല ഡിജിഇക്കായിരിക്കും.

ഖാദർ കമ്മിറ്റി ശുപാർശ അംഗീകരിച്ചുകൊണ്ട് ഇന്നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനിനെതിരെ വിവിധ സംഘടനകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ററി ഹൈസ്കൂള്‍ ലയനം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷവും അറിയിച്ചിരുന്നു. ഖാദർ കമ്മിറ്റിയിലെ ശുപാർശകൾ തുഗ്ലക് പരിഷ്കാരത്തിന് സമാനമാണ്. തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകിയത്. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് ഖാദർ കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാകുന്നതോടെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴിലാകും. ഒന്നു മുതൽ 12 ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനെന്ന എന്ന ഒറ്റ കുടിക്കീഴിലായിരിക്കും ഉണ്ടാകുക.