തിരുവനന്തപുരം: സർക്കാർ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തെക്കുറിച്ച് ശരിയല്ലാത്ത കാര്യങ്ങൾ പർവതീകരിച്ച് കാണിക്കുന്നെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വീഴ്ച്ച ഉണ്ടെങ്കിൽ അത് തിരുത്താൻ തയാറാണ്. പക്ഷെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയരുത്. സർക്കാരിന്‍റെ ഭാഗമായ ചില ആളുകൾ തന്നെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആധുനിക ഉപകരണങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പരാമർശം.

അതേസമയം കൊവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് മരിച്ചത് വെന്‍റിലേറ്ററിന്‍റെ ട്യൂബ് മാറിക്കിടന്നതിനാൽ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം സത്യവിരുദ്ധമാണെന്നായിരുന്നു കളമശ്ശേരി മെഡിക്കൽ കേളേജ് അധികൃതർ പറഞ്ഞത്. എന്നാല്‍ ശബ്ദ സന്ദേശം വ്യാജമല്ലെന്നും സത്യംപറഞ്ഞ നഴ്‍സിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് നീതികേടെന്നും ഡോക്ടര്‍ നജ്‍മ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.