കെ എം മാണിയുടെ ശ്വാസോച്ഛ്വാസം സാധാരണ നിലയിലായി എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരുന്നുകളുടെ സഹായമില്ലാതെ രക്ത സമ്മർദ്ദവും നാഡിമിടിപ്പും സാധാരണ നിലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്.

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യ നിലയിൽ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലായി എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ ഡയാലിസിസ് തുടരുകയാണ്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ട്യൂബ് വഴി ഭക്ഷണം നൽകുന്നുണ്ടെന്നും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മരുന്നുകളുടെ സഹായമില്ലാതെ രക്ത സമ്മർദ്ദവും നാഡിമിടിപ്പും സാധാരണ നിലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്.

അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്‍റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.