കോഴിക്കോട്: തനിക്കെതിരായ വധശ്രമം ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഴീക്കോട് എംഎൽഎ കെ എം ഷാജി. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും തന്റെ പരാതിയെ നിസ്സാരവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെഎം ഷാജി ആരോപിക്കുന്നു. ഈ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കെ എം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീവ്രവാദം ബന്ധം വരെയുള്ള കേസിൽ അന്വേഷണം നടത്തുന്നത് സാധാരണ ഉദ്യോഗസ്ഥനാണെന്നാണ് ഷാജിയുടെ പരാതി. 

തനിക്കെതിരായ വധശ്രമത്തിൽ അന്വേഷണം നടത്തുന്നതിനല്ല ഫോൺ സംഭാഷണം എങ്ങനെ ചോർന്നുവെന്നത് കണ്ടെത്തുന്നതിലാണ് പൊലീസിന് കൂടുതൽ താൽപര്യമെന്ന് കെ എം ഷാജി ആരോപിക്കുന്നു. സിഐ തലത്തിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥൻ എങ്കിലും അന്വേഷിച്ചാലെ സഹകരിക്കുകയുള്ളൂവെന്നാണ് ഷാജിയുടെ നിലപാട്. ക്വട്ടേഷൻ നൽകിയ വ്യക്തിയെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഷാജി സംശയം പ്രകടിപ്പിക്കുന്നു.