സമൂഹത്തിലെ സഹജീവി എന്ന പരിഗണന പോലും കെ എം ഷാജി നൽകുന്നില്ല. ലിംഗസമത്വം എന്ന ആശയത്തോടുള്ള കെ എം ഷാജിയുടെ അസഹിഷ്ണുത ആ പ്രയോഗങ്ങളിൽ മൊത്തമായി ഉണ്ട്.

തിരുവവന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അത് ഒരാവേശത്തിൽ പറഞ്ഞതോ നാക്കുപിഴയോ ആയി കണക്കാക്കുന്നില്ല. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ പ്രതികരണമാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെ എം ഷാജി ഉപയോഗിച്ച പദങ്ങൾ തീർത്തും അപലപനീയമാണ്.

സമൂഹത്തിലെ സഹജീവി എന്ന പരിഗണന പോലും കെ എം ഷാജി നൽകുന്നില്ല. ലിംഗസമത്വം എന്ന ആശയത്തോടുള്ള കെ എം ഷാജിയുടെ അസഹിഷ്ണുത ആ പ്രയോഗങ്ങളിൽ മൊത്തമായി ഉണ്ട്. മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും ഉന്നത നേതാക്കൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം അത്ഭുതപ്പെടുത്തുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം, ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു.

അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. മന്ത്രി വീണ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ എം ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന് വരേണ്ടതുണ്ടെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പത്രക്കുറിപ്പില്‍ പറഞ്ഞു.

അനുചിതമായ പ്രസ്താവനയില്‍ ഉപയോഗിച്ച 'സാധനം' എന്ന വാക്ക് തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാന്‍. മുന്‍പ് നമ്പൂതിരി സമുദായത്തിനിടയില്‍ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയില്‍ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു 'സാധനം' എന്നത്. കെ എം ഷാജിയെ പോലെയുള്ളവരുടെ മനസില്‍ നിന്നും തികട്ടിവരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി വച്ച് പുലര്‍ത്തുന്ന കെ എം ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ നമ്മുടെ സമൂഹം തയാറാവണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

'കെക്കോൺ ഷിതെ കുടസായ്?' വരുണിന്‍റെ ആ ചോദ്യത്തോട് യെസ് പറഞ്ഞ് സയ യമദ, പാണഞ്ചേരിയിൽ കല്യാണമേളം..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്