'കെക്കോൺ ഷിതെ കുടസായ്?' വരുണിന്‍റെ ആ ചോദ്യത്തോട് യെസ് പറഞ്ഞ് സയ യമദ, പാണഞ്ചേരിയിൽ കല്യാണമേളം..!
ശനിയാഴ്ച രാവിലെ പട്ടിക്കാട് ഡ്രീംസിറ്റി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. ഹിരോഷിമയില്‍ കണ്ടുമുട്ടിയ പരിചയമാണ് വിവാഹത്തിലെത്തിയത്. നാട്ടില്‍ വച്ച് തന്നെ വിവാഹം ചെയ്യണമെന്ന വരുണിന്റെ ആഗ്രഹം സയ യമദയും കുടുംബവും സമ്മതിക്കുകയായിരുന്നു.

തൃശൂര്‍: കെക്കോൺ ഷിതെ കുടസായ്... (വിൽ യു മാരീ മീ?) വരുണിന്‍റെ ആ ചോദ്യത്തോട് സയ യമദ യെസ് പറഞ്ഞതോടെ കല്യാണമേളം ഉയര്‍ന്നത് പാണഞ്ചേരിയിൽ. ജപ്പാനിലെ ഹിരോഷിമയും പാണഞ്ചേരി പഞ്ചായത്തും ഇനി മുതല്‍ ഒരേ കുടുംബ വിശേഷങ്ങള്‍ പങ്കിടും. പാണഞ്ചേരി പഞ്ചായത്തിലെ ആല്‍പ്പാറ സ്വദേശി തോട്ടുമാലില്‍ വീട്ടില്‍ ടി ജെ വര്‍ഗീസിന്‍റെയും സാറാമ്മ വര്‍ഗീസിന്‍റെയും മകന്‍ വരുണ്‍ വര്‍ഗീസ് ആണ് ജപ്പാൻകാരിയെ വിവാഹം ചെയ്തിട്ടുള്ളത്.
ഹിഗാഷി ഹിരോഷിമയിലെ ഇകെഗാമി പീഡിയാട്രിക്‌സ് ഡെന്റല്‍ ക്ലിനിക്കിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരി സയ യമദയാണ് വരുണിന്‍റെ വധു. ഹിരോഷിമ സര്‍വകലാശാലയിലെ ജീവനക്കാരനാണ് വരുണ്‍. ശനിയാഴ്ച രാവിലെ പട്ടിക്കാട് ഡ്രീംസിറ്റി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. ഹിരോഷിമയില്‍ കണ്ടുമുട്ടിയ പരിചയമാണ് വിവാഹത്തിലെത്തിയത്. നാട്ടില്‍ വച്ച് തന്നെ വിവാഹം ചെയ്യണമെന്ന വരുണിന്റെ ആഗ്രഹം സയ യമദയും കുടുംബവും സമ്മതിക്കുകയായിരുന്നു.
ഐ പി സി ആല്‍പ്പാറ ഹെബ്രോന്‍ സഭയുടെ നേതൃത്വത്തില്‍ പാസ്റ്റര്‍ ഷിജു ശാമുവേല്‍ വിവാഹം ആശീര്‍വദിച്ചതോടെ വരുണും സയ യമദയും ഒന്നിച്ചുള്ള ജീവിതത്തിന്റെ ആദ്യപടി ചവിട്ടി. ഡ്രീം സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ വധുവിനൊപ്പം പിതാവ് ചിക്കനോബു യമദ, മാതാവ് കസുക്കോ യമദ, മൂത്ത സഹോദരന്‍ ഡെയ്‌സാകു യമദ, സഹോദരി മൈ യമദ എന്നിവരും പങ്കെടുത്തു. കേരള സാരി ധരിച്ചാണ് വധുവും സഹോദരിയും വിവാഹത്തിനെത്തിയത്.