തിരുവനന്തപുരം: പി ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും ഫലം മരണമെന്ന് കെ എം ഷാജി എംഎല്‍എ. പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടീസിന് പിന്നാലെയായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. എന്നാല്‍ പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമര്‍ശിക്കേണ്ടെന്നും അത്തരം ശ്രമങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അത്തരം ബിംബങ്ങളെ ഉപയോഗിച്ചുളള പ്രചാരണം വിലപ്പോവില്ലന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിനെ ആക്രമിക്കാൻ ഇപ്പോള്‍ എം വി ഗോവിന്ദനെ വച്ചും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നവർ എല്ലാരും ഭീരുക്കൾ അല്ലെന്നും എല്ലാര്‍ക്കും ഇരട്ട ചങ്ക് ഉണ്ടാകില്ലല്ലോയെന്നും കെ എം ഷാജി പരോക്ഷമായി മുഖ്യമന്ത്രിയെ പരിഹസിച്ചു. പാർട്ടിക്ക് എന്തും ആകാം, അമ്യൂസ്മെന്‍റ് പാര്‍ക്ക് വരെ ആകാമെന്നും കെ എം ഷാജി പറഞ്ഞു. സാജന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും സാജൻ രക്തസാക്ഷി ആണെന്നും കെ എം ഷാജി പറഞ്ഞു. 

വ്യവസായി സാജൻ പാറയിൽ പി ജയരാജനെ കണ്ടതാണ് ആന്തൂർ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ എതിർപ്പിന് കാരണമെന്ന് കെ എം ഷാജി ആരോപിച്ചു. ഇപ്പോൾ ഓരോ ജീവിതവും ഓരോ ഫയൽ ആയി മാറുന്നുവെന്നും പറഞ്ഞ കെ എം ഷാജി പാർട്ടിക്ക് എന്തും ആകാം,അമ്യൂസ്മെന്റ് പാർക്ക് വരെ ആകാമെന്നും കുറ്റപ്പെടുത്തി .