Asianet News MalayalamAsianet News Malayalam

നേതാക്കൾ തെക്കുവടക്ക് നടക്കാതെ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാൻ പ്രയത്നിക്കണമെന്ന് കെ.മുരളീധരൻ

ഒരു സഭാ അധ്യക്ഷന് എതിരെ സ്വർണ്ണക്കടത്ത് കേസിൽ അവിശ്വാസം കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യമാണ്. കള്ളക്കടത്തിന് കൂട്ട് നിന്നതിനാണ് അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടു വന്നിരിക്കുന്നത്. 

K muraleedharan about election campaign
Author
Kozhikode, First Published Jan 21, 2021, 11:10 AM IST

കോഴിക്കോട്: നേതാക്കൾ തെക്കുവടക്ക് നടന്ന് താനാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതെന്ന് പറയാതെ സ്വന്തം തട്ടകത്തിൽ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരൻ. വടകര ലോക്സഭാ മണ്ഡലത്തിന് കീഴിലെ നിയോജകമണ്ഡലങ്ങളിൽ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുവാൻ വേണ്ടിയാണ് താൻ വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും എന്നു പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.  

കെ.മുരളീധരൻ്റെ വാക്കുകൾ -

ഒരു സഭാ അധ്യക്ഷന് എതിരെ സ്വർണ്ണക്കടത്ത് കേസിൽ അവിശ്വാസം കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യമാണ്. കള്ളക്കടത്തിന് കൂട്ട് നിന്നതിനാണ് അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടു വന്നിരിക്കുന്നത്. ശിവശങ്കരൻ ജയിലിൽ കിടക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിലാണ്. സ്വർണ്ണക്കടത്ത്, അഴിമതി എന്നിവയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സർക്കാറാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

സർക്കാരിൻ്റെ തെറ്റുക്കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് വേട്ടർമാരെ സമീപിക്കുക. ബിജെപിയേക്കാൾ വർഗ്ഗീയമായാണ് സിപിഎം പ്രവർത്തിക്കുന്നത്. ഭരണ തുടർച്ചക്ക് സി പി എം  മതങ്ങളെ തമ്മിലടിപ്പിക്കരുത്. ആർഎസ്എസുകാരൻ്റെ അതേ പ്രവൃത്തി സിപിഎമ്മുകാരൻ ചെയ്യരുത്. ബിജെപിയുടെ വർഗ്ഗീയ അജണ്ട പിണറായി ഇവിടെ നടപ്പാക്കുകയാണ്.

ഉമ്മൻ ചാണ്ടി സമിതി വന്നത് കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമാണ്. സിപിഎമ്മിൻ്റെ ഔദ്യോഗിക കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. പക്ഷേ സിപിഎം കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു. സ്ഥാനാർത്ഥി നിർണ്ണയം നടന്നില്ല. ആരും ഒന്നും തീരുമാനിച്ചിട്ടുമില്ല. സ്ഥാനാർത്ഥികളെ സംബന്ധിച്ചു പുറത്തു വരുന്ന മറ്റെല്ലാ വാർത്തകളും ഭാവന മാത്രമാണ്. 

നേതാക്കൾ തെക്ക് വടക്ക് നടന്ന് ഞാനാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് എന്ന് അവകാശപ്പെട്ടിട്ട് കാര്യമില്ല. സ്വന്തം തട്ടകത്തിൽ ജയം ഉറപ്പാക്കുകയാണ് വേണ്ടത്. വടകരക്ക് പുറത്ത് പ്രചാരണത്തിന് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ഞാൻ പറഞ്ഞത് എൻ്റെ മണ്ഡലത്തിന് കീഴിൽ വിജയം ഉറപ്പാക്കാൻ വേണ്ടിയാണ്. 

Follow Us:
Download App:
  • android
  • ios