നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർക്കും തനിക്കുമിടയിൽ ആശയകുഴപ്പമുണ്ടായില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. പുണെയിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് താൻ സംസാരിച്ചതിന് ശേഷമാണ് കളക്ടർ വിവരം അറിയിച്ചതെന്നും, പുതിയ കളക്ടറുടെ പരിചയക്കുറവാകാം ഇതിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട്: നിപ ബാധിതന് രോഗം സ്ഥിരീകരിച്ചെന്നും ഇല്ലെന്നും ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും വാർത്താസമ്മേളനത്തിൽ പ്രസ്താവിച്ചത് ആശയകുഴപ്പം മൂലമല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. താൻ വാർത്താ സമ്മേളനം നടത്തുന്നതിന് മുൻപ് ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നുവെന്നും അതുവരെ പുണെ വൈറോളജി ലാബിൽ നിന്ന് നിപ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് തന്നെ പുണെയിൽ നിന്ന് രോഗബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് വന്നിരുന്നുവെന്നാണ് ഇന്നലെ ജില്ലാ കളക്ടർ പറഞ്ഞത്. ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി കെ മുരളീധരൻ പുണെയിൽ നിന്നുള്ള ഫലം വന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ജില്ലാ കളക്ടറുടെ വാർത്താ സമ്മേളനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർക്കും തനിക്കുമിടയിൽ ആശയകുഴപ്പം ഉണ്ടായില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. അഞ്ച് മണിക്ക് ജില്ലാ കളക്‌ടറുമായി താൻ സംസാരിച്ച ഘട്ടത്തിൽ പുണെയിൽ നിന്നുള്ള റിപ്പോർട്ട് വന്നിരുന്നില്ല. ജില്ലാ കളക്‌ടർക്ക് റിപ്പോർട്ട് കിട്ടിയാൽ അത് ആരോഗ്യമന്ത്രിയെ അറിയിക്കേണ്ടതാണ്. എന്നാൽ പുതിയ കളക്‌ടറായത് കൊണ്ട് പരിചയക്കുറവ് ഉണ്ടായിട്ടുണ്ട്. തൻ്റെ വാർത്താ സമ്മേളനത്തിന് ശേഷമാണ് ജില്ലാ കളക്ടർ തന്നെ കാര്യങ്ങൾ അറിയിച്ചതെന്നും ആരോഗ്യവകുപ്പ് മന്ത്രി കുറ്റപ്പെടുത്തി.

നിപ ബാധിതനായ 43-കാരൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ജില്ലാ കളക്ടറും മന്ത്രിയും രോഗ ബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് രണ്ട് തട്ടിലായത്. രോഗബാധിതൻ്റെ സമ്പർക്ക പട്ടികയും റൂട്ട് മാപ്പും ഇന്നലെ പുറത്തുവിട്ടിരുന്നു. ഇദ്ദേഹത്തിന് കേരളത്തിൽ നടത്തിയ പരിശോധനകളിൽ തുടക്കത്തിൽ തന്നെ നിപ ബാധ സ്ഥിരീകരിച്ചിരുന്നു. പുണെയിൽ നിന്ന് ഫലം വരും മുൻപ് തന്നെ ചികിത്സയും തുടങ്ങിയിരുന്നു.