തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മുമായി സഹകരിച്ച് സംയുക്ത സമരത്തിന് അനുകൂല നിലപാടെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി വിമര്‍ശിച്ച് കെ മുരളീധരൻ എംപി. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം നീങ്ങുകയും ചെയ്യുന്ന പിണറായിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. അതാണ് യോജിച്ചുള്ള സമരത്തെ എതിർക്കുന്നത്. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുകയാണ്. കേരളത്തിലും കർണാടകാ മോഡൽ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.  പൊതുമുതൽ സംരക്ഷിച്ച് കൊണ്ട് എല്ലാ സമരങ്ങളും നീങ്ങില്ലെന്നും കെ മുരളീധരൻ പറഞ്ഞു. 

തിരുവനന്തപുരത്ത് കെ കരുണാകരൻ അനുസ്മരണ ചടങ്ങിനിടെയാണ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കെ മുരളീധരന്‍റെ വിമര്‍ശനം. മുന്നണി രാഷ്ട്രീയത്തിൽ നമ്മുടെ മാത്രം തീരുമാനവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നായിരുന്നു തുടര്‍ന്ന് സംസാരിച്ച ചെന്നിത്തലയുടെ മറുപടി. 

അതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനോടും ശക്തമായ പ്രതിഷേധമാണ് കെ മുരളീധരൻ ഉന്നയിച്ചത്. ഗവര്‍ണറെ കെ കരുണാകരൻ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അതിന് ശേഷമാണ് പൗരത്വ ഭേദഗതി നിയമം കേന്ദ്രം കൊണ്ടു വന്നതും അതിനെ അനുകൂലിച്ച് ഗവര്‍ണര്‍ ആവര്‍ത്തിച്ച്  നിലപാട് വ്യക്തമാക്കുകയും ചെയ്തത്.

പുതിയ സാഹചര്യത്തിൽ ഗവർണറുടെ പോക്ക് ശരിയല്ലെന്ന് പറയാൻ കഴിയണമെന്ന് കെ മുരളീധരൻ തുറന്നടിച്ചു.  കരുണാകരനെ പോലുള്ള മതേതരനേതാവിനെ അനുസ്മരിക്കാൻ ഗവർണർക്ക് യോഗ്യതയില്ല. ചടങ്ങിൽ നിന്ന്  ഗവർണറെ ഒഴിവാക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നും കെ മുരളീധരൻ പറ‍ഞ്ഞു. കെ മുരളീധരൻ അടക്കം ഉന്നയിച്ച എതിർപ്പ് കണക്കിലെടുത്താണ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് ഗവർണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ട്വീറ്റ് ചെയ്ത ഗവർണ്ണർ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്ന് ആവർത്തിച്ചു.