കോഴിക്കോട്: ചാനൽ വിലക്ക് അടക്കം കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണിനും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് ജനരോഷം ഭയന്നാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പറയുന്നതല്ല കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി മരുളീധരൻ പറയുന്നത്. എന്തും പറയാമെന്ന് വി മുരളീധരൻ കരുതരുതെന്നും കെ മുരളീധരൻ പറഞ്ഞു. 

ചാനലുകൾക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയിൽ വി.മുരളീധരൻ രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടുകയാണ്. ദില്ലി കലാപത്തിൽ പൊലീസ് കാഴ്ചക്കാരായി നിന്നു. കലാപം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യത്തിൽ ആര്‍ക്കും ഒരു സംശയവുമില്ലെന്നും കെ മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. കോൺഗ്രസ് എംപിമാര്‍ക്കെതിരായ സസ്പെൻഷൻ തുടര്‍ന്നാൽ കേന്ദ്രമന്ത്രിമാരെ കേരളത്തിൽ കാലുകുത്താൻ സമ്മതിക്കില്ലെന്നാണ് കെ മുരളീധരൻ മുന്നറിയിപ്പ് നൽകി.