Asianet News MalayalamAsianet News Malayalam

ബിജെപിയോടുള്ള മൃദുസമീപനം തിരിച്ചടിയായി, ഗ്രൂപ്പുകൾ ഉണ്ടാകരുത്, സുധാകരനെ പിന്തുണച്ച് കെ മുരളീധരൻ

കോൺഗ്രസിന്റെ ബിജെപിക്കെതിരായ ആക്രമണം പോരെന്ന് കരുതിയാണ് ന്യൂനപക്ഷം പാർട്ടിയെ കൈവിട്ടത്. പിണറായി ഈ അവസരം മുതലെടുത്തു

K Muraleedharan backs K Sudhakaran says no groups should be formed in Congress party
Author
Thiruvananthapuram, First Published Jun 9, 2021, 10:12 AM IST

തിരുവനന്തപുരം: സംസ്ഥാന കാര്യങ്ങളിൽ മാത്രം അഭിപ്രായം പറയുകയും സമരം നടത്തുകയും ചെയ്തപ്പോൾ ബിജെപിയോട് മൃദുസമീപനം അവലംബിക്കുന്നെന്ന ദുഷ്പേര് കോൺഗ്രസ് പാർട്ടിക്കുണ്ടായെന്ന് മുതിർന്ന നേതാവ് കെ മുരളീധരൻ. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾ പാർട്ടിക്കെതിരായ നിലപാട് എടുത്തത്. 

ഭരണത്തുടർച്ചയാണെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ സമയമായിട്ടേയുള്ളൂ. എന്നാൽ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയം രൂക്ഷമായി മുന്നോട്ട് പോവുകയാണ്. ഇന്ധന വില, വാക്സീനേഷൻ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാട് എതിർക്കപ്പെടേണ്ടതാണ്. അഖിലേന്ത്യാ തലത്തിൽ ബിജെപിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസാണ് ഏറ്റെടുക്കേണ്ടത്. അതിന് പുതിയ നേതൃത്വത്തിന് സാധിക്കും എന്നാണ് താൻ കരുതുന്നത്.

കോൺഗ്രസിന്റെ ബിജെപിക്കെതിരായ ആക്രമണം പോരെന്ന് കരുതിയാണ് ന്യൂനപക്ഷം പാർട്ടിയെ കൈവിട്ടത്. പിണറായി ഈ അവസരം മുതലെടുത്തു. ന്യൂനപക്ഷത്തിന്റെ വോട്ടും കോൺഗ്രസ് മുക്ത ഭാരതത്തിനായി ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി അവരുടെ വോട്ടും സിപിഎം വാങ്ങി. കോൺഗ്രസിന് മൊത്തം നഷ്ടമാണ് ഉണ്ടായത്. ബിജെപിക്കും സിപിഎമ്മിനും എതിരായ ആക്രമണത്തിനാണ് നേതൃത്വം ശ്രദ്ധ നൽകേണ്ടത്. അതിന് തന്നെ പോലുള്ളവരുടെ സഹായം ഉണ്ടാകും.

കെ സുധാകരന് ഗ്രൂപ്പില്ലാത്തത് നന്നായി. പക്ഷെ ഇതിന്റെ പേരിൽ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. സുധാകരന്റെ ശൈലി ദോഷം ചെയ്യില്ല. ഓരോരുത്തർക്കും ഓരോ ശൈലി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിർന്ന നേതാക്കൾ ആരുടെയും പേര് നിർദ്ദേശിക്കാതിരുന്നതിൽ തെറ്റില്ല. പാർട്ടിയിലെ ജംബോ കമ്മിറ്റികൾ പിരിച്ചുവിടണം. സുധാകരൻ വന്നപ്പോൾ അണികൾ ഒറ്റക്കെട്ടാണെന്നും മുരളീധരൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios