തുറക്കും മുമ്പേ ദേശീയ പാത അതോറിറ്റി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും തുരങ്കത്തിന് മുകളിൽ നിൽക്കുന്ന വൻമരങ്ങൾ മുറിച്ചു മാറ്റുമെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂര്‍: കുതിരാൻ തുരങ്കത്തിന്‍റെ സുരക്ഷയെ കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി കെ രാജൻ. തുരങ്കത്തിന്‍റെ സുരക്ഷയ്ക്കായി കൂടുതൽ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചു. തുരങ്കം തുറക്കും മുമ്പേ ദേശീയ പാത അതോറിറ്റി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും തുരങ്കത്തിന് മുകളിൽ നിൽക്കുന്ന വൻമരങ്ങൾ മുറിച്ചു മാറ്റുമെന്നും മന്ത്രി തൃശ്ശൂര്‍ പറഞ്ഞു. ഒരു തുരങ്കം തുറന്നത് കൊണ്ട് മാത്രം ടോൾ പിരിവ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Asianetnews as a Preferred SourcegooglePreferred

കുതിരാൻ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്നാരോപിച്ച് തുരങ്കം 95 ശതമാനവും നിർമ്മിച്ച കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസ് രംഗത്തെത്തിയിരുന്നു. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല. തുരങ്കത്തിന് മേലെ കൂടുതൽ കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കിൽ ഉണ്ടാവുക വൻ ദുരന്തമായിരിക്കുമെന്ന് കമ്പനി വക്താവ് മുന്നറിയിപ്പ് നല്‍കി. നിലവിൽ നിർമാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദൻ ആരോപിക്കുന്നു.

തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ ഇന്നലെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകും. ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാർ നിർദ്ദേശം നൽകിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona