Asianet News MalayalamAsianet News Malayalam

പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞെന്ന് ശബരി; മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയെന്ന് ഷാഫി

പ്രതിപക്ഷം പറയുന്നതാണ് ശരിയെന്ന് വീണ്ടും തെളിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് കെ എസ് ശബരീനാഥന്‍ പറഞ്ഞു. മാസ്റ്റര്‍ ബ്രെയിന്‍ മുഖ്യമന്ത്രിയും നടപ്പാക്കിയത് ഇപി ജയരാജനുമാണെന്നും കെ എസ് ശബരീനാഥന്‍.

K S Sabarinathan and Shafi Parambil about court order to file fir against e p jayarajan
Author
Thiruvananthapuram, First Published Jul 20, 2022, 4:49 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇടപെട്ട എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷം പറയുന്നതാണ് ശരിയെന്ന് വീണ്ടും തെളിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് കെ എസ് ശബരീനാഥന്‍ പറഞ്ഞു. മാസ്റ്റര്‍ ബ്രെയിന്‍ മുഖ്യമന്ത്രിയും നടപ്പാക്കിയത് ഇപി ജയരാജനുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനേറ്റ തിരിച്ചടിയാണെന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ പ്രതികരണം. 

മുഖ്യമന്ത്രിക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ കെ എസ് ശബരീനാഥന്‍, കേരളം ബനാന റിപ്പബ്ലിക്ക് ആയി എന്ന് ആവര്‍ത്തിച്ചു. വീഡിയോ പുറത്ത് വന്നിട്ടും ഇ പി ജയരാജനെതിരെ കേസെടുക്കാത്തത് പൊലീസ് സര്‍ക്കാരിന്‍റെ കയ്യിലെ പാവയായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.  ഇ.പി.ജയരാജനെതിരെ കേസെടുക്കാനുള്ള ഉത്തരവ് നീതിയുടെ വിജയമാണെന്ന് പറഞ്ഞ ശബരിനാഥന്‍,  സംഭവത്തില്‍ ശക്തമായി നിയമ പോരാട്ടവുമായി  യൂത്ത് കോണ്‍ഗ്രസ് മുന്നോട് പോകുമെന്നും കൂട്ടിച്ചേര്‍ത്തു.

കോടതി വിധി മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയെന്ന് ഷാഫി പറമ്പില്‍

ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് ഷാഫി പറമ്പില്‍. വിമാനത്തില്‍ ശാരീരിക ആക്രമണം നടത്തിയത് ജയരാജനാണ്. കോടതി വിധി മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്നും ഷാഫി കുറ്റപ്പെടുത്തി. സൈബര്‍ ന്യായീകരണ തൊഴിലാളിയെ പോലെയാണ് മുഖ്യമന്ത്രി സഭയില്‍ ജയരാജനെ ന്യായീകരിച്ചത്. മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് കേള്‍ക്കുന്ന എല്ലാവര്‍ക്കും മനസിലാവുമെന്ന് പറഞ്ഞ ഷാഫി മുഖ്യമന്ത്രി ഒരു കള്ളം പറഞ്ഞാല്‍ സത്യമായി മാറുമോ എന്നും ചോദിച്ചു. 

Also Read:  വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്, കോൺഗ്രസ് പ്രവർത്തകർക്കും വിലക്ക്

ഇപിക്കെതിരെ കേസെടുക്കണമെന്ന് കോടതി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്. 

ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളായ അനിൽകുമാർ, സുനീഷ് വി.എം. എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയത്. വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്താനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വലിയതുറ പൊലീസിനോടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിച്ചത്. അതേസമയം കോടതി ഉത്തരവ് കിട്ടിയാൽ കേസെടുക്കുമെന്നും അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും വലിയതുറ പൊലീസ് വ്യക്തമാക്കി. 

കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി എത്തിയ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. ഈ സംഭവത്തിൽ വധശ്രമ കേസ് ചുമത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. പ്രവർത്തകരെ കയ്യേറ്റം ചെയ്ത ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios