Asianet News MalayalamAsianet News Malayalam

'ഒരു മൗനവുമില്ല, പ്രതികരണം സാംസ്കാരിക നായകരുടെ അട്ടിപ്പേറവകാശമല്ല', സംഘപരിവാറിനെതിരെ സച്ചിദാനന്ദൻ

'വാളയാർ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്'. അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ സംസ്ഥാന സർക്കാരിനെയും സച്ചിദാനന്ദന്‍ വിമർശിച്ചു

K Sachidanandan criticizes Sangh Parivar
Author
Trivandrum, First Published Oct 29, 2019, 9:30 PM IST

തിരുവനന്തപുരം: സംഘപരിവാറിനെതിരെ വീണ്ടും വിമർശനവുമായി കവി കെ സച്ചിദാനന്ദൻ. വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സാംസ്കാരിക നായകർ മൗനം പുലർത്തുവെന്ന ആരോപണത്തിലാണ് കവി സച്ചിദാനന്ദന്റെ വിമർശനം. സാംസ്കാരിക നായകർ പ്രതികരിച്ചില്ലെന്നത് സംഘപരിവാർ ഭാഷ്യമാണ്. വാളയാർ വിഷയത്തിൽ താൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. പ്രതികരണം സാംസ്കാരിക നായകരുടെ അട്ടിപ്പേറവകാശം അല്ലെന്നും സച്ചിദാനന്ദൻ  വ്യക്തമാക്കി.

ഇതോടൊപ്പം പാലക്കാട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെയും സച്ചിദാനന്ദൻ വിമർശനം ഉന്നയിച്ചു. പാലക്കാട് കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ചെയ്ത കുറ്റമെന്താണെന്ന് വിശദീകരിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നായിരുന്നു വിമർശനം. മാവോയിസ്റ്റ് വേട്ട ഇടത് നയമല്ല. ഇടതുപക്ഷം ഇടതുപക്ഷത്തെ ഇല്ലാതാക്കരുതെന്നും കെ സച്ചിദാനന്ദൻ കുറ്റപ്പെടുത്തി.

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ പ്രവര്‍ത്തകരും വ്യാപകമായി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മാവോയിസ്റ്റുകളെ കൊന്നുതീര്‍ക്കുകയെന്നത് സര്‍ക്കാര്‍ നയമാക്കി മാറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചപ്പോൾ സംഭവത്തില്‍ സര്‍ക്കാര്‍ ജനകീയ അന്വേഷണം നേരിടണമെന്ന് ആയിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു ആവശ്യപ്പെട്ടത്. വയനാട്ടിലെ വൈത്തിരി റിസോർട്ടിൽ ഉണ്ടായ ഏകപക്ഷീയമായ ആക്രമണം പോലെയാണ് അട്ടപ്പാടിയിലെ ആക്രമണം എന്നാരോപിച്ച് അന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ സഹോദരൻ സിപി റഷീദും രംഗത്തെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios