Asianet News MalayalamAsianet News Malayalam

ബെന്‍സ് വാഹനവും തലപ്പാവുമൊക്കെയായി പിണറായി രാജാപ്പാര്‍ട്ട് കെട്ടുന്നു,ചരിത്രം വെറുതെ വിടില്ലെന്ന് കെ സുധാകരന്‍

പിണറായിയുടെ കെട്ടുകാഴ്ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്‌കരിച്ചതെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍

k sudhakaran against pinarayi on navakerala sadas
Author
First Published Nov 19, 2023, 3:41 PM IST

തിരുവന്തപുരം:ജനസമ്പര്‍ക്ക പരിപാടി നടത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിര്‍ദേശം നല്കിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍ എംപി ചോദിച്ചു.പിണറായിയുടെ കെട്ടുകാഴ്ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. മഞ്ചേശ്വരത്തു നടന്ന പൊതുപരിപാടിയില്‍ പാവപ്പെട്ടവര്‍ക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നല്കുകയോ ചെയ്തില്ല

ഉമ്മന്‍ ചാണ്ടി 2011, 2013, 2015 വര്‍ഷങ്ങളില്‍  മൂന്നു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ കാസര്‍കോഡ് ജില്ലയിലെ 94,696  പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവര്‍ക്ക് 11.94 കോടി രൂപയും വിതരണം ചെയ്തു. 47 മണിക്കൂര്‍ അദ്ദേഹം കാസര്‍കോഡ് പാവപ്പെട്ടവരോടൊത്ത്  ചെലവഴിച്ചു. മൊത്തം ജനസമ്പര്‍ക്ക പരിപാടിയില്‍ 11.45 ലക്ഷം പരാതികള്‍ പരിഹരിക്കുകയും 242 കോടി രൂപ ചെലവഴിക്കുകയും ചെയ്തു എന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ നല്കിയ കണക്ക്. എന്നാല്‍ ഇങ്ങനെയൊരു തപസ്യയ്ക്ക്  പിണറായി വിജയന്‍ തയാറായില്ല. ബെന്‍സ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാര്‍ട്ട് കെട്ടാനാണ് അദ്ദേഹത്തിന്‍റെ മോഹം. 

യുഡിഎഫ് ഭരണമെങ്കില്‍ ഇന്നു കാണുന്ന വികസനം സാധ്യമാകുമോയെന്ന് ചോദിക്കാന്‍ പിണറായി വിജയന് അപാരമായ തൊലിക്കട്ടി വേണം.  യുഡിഎഫ് കൊണ്ടുവന്നതല്ലാതെ ഒന്നും കേരളത്തില്‍ സംഭവിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന കൊച്ചി മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും ഉദ്ഘാടനം ചെയ്യാന്‍ പിണറായി വിജയന് യാതൊരു ഉളുപ്പും ഇല്ലായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേരു പരാമര്‍ശിക്കുകപോലും ചെയ്തില്ല. മുഖ്യമന്ത്രി പൊക്കിക്കാട്ടുന്ന വികസനം സംഭവിക്കുന്നത് സിപിഎമ്മിലും അദ്ദേഹത്തിന്റെ കുടുംബത്തിലുമൊക്കെയാണ്.  കേരളത്തിലെ പാവപ്പെട്ടവരുടെ വീടുകളില്‍ ആളുകള്‍ മരിച്ചുവീഴുകയാണ്. ഞങ്ങള്‍ പരാജയപ്പെട്ടു എന്നു പറഞ്ഞാണ് ഒമല്ലൂരില്‍ ലോട്ടറി കച്ചവടക്കാരന്‍ ഗോപിയും തകഴിയില്‍  നെല്‍കര്‍ഷകന്‍ പ്രസാദും വയനാട്ടില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച സുബ്രഹ്‌മണ്യനും മരണത്തിലേക്കു പോയത്. പെന്‍ഷന്‍ കിട്ടാതെ രണ്ടമ്മമാര്‍ പിച്ചച്ചട്ടിയെടുത്തപ്പോള്‍ അവരുടെ വീടിനു കല്ലെറിഞ്ഞവരാണ് സിപിഎമ്മുകാര്‍. രാജാപ്പാര്‍ട്ടില്‍ നിന്ന് ഇറങ്ങിവന്ന് ജനങ്ങളുടെ  കണ്ണീര്‍ തുടച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളെ വെറുതെ വിടില്ലെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്കി.
 

Follow Us:
Download App:
  • android
  • ios