പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും, ഈ രീതിയില്‍ റിമാന്‍റ് റിപ്പോര്‍ട്ട് എഴുതിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

കൊച്ചി: നിയമ വിദ്യാര്‍ത്ഥി മൊഫിയ പര്‍വീണിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചെയ്ത സമരത്തില്‍ അറസ്റ്റിലായവരുടെ റിമാന്‍റ് റിപ്പോര്‍ട്ടിലെ പരാമര്‍ശം വിവാദമാകുന്നു. കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍റ് റിപ്പോര്‍ട്ടില്‍, പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കും എന്ന പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ ആലു എംഎല്‍എ അനവര്‍ സാദത്ത് രംഗത്ത് എത്തി.

പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും, ഈ രീതിയില്‍ റിമാന്‍റ് റിപ്പോര്‍ട്ട് എഴുതിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജനാധിപത്യരീതിയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും അതിന്റെ പ്രവര്‍ത്തകരോടുമുള്ള അവഹേളനമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കുന്നത്. തീവ്രവാദ ബന്ധം എന്നത് റിമാന്‍റ് റിപ്പോര്‍ട്ടില്‍ വന്നത് സര്‍ക്കാറിന്‍റെ അറിവോടെയാണോയെന്നും എംഎല്‍എ ചോദിക്കുന്നു. ഇതില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കുന്നു. 

റൂറല്‍ എസ്.പി. കെ കാര്‍ത്തിക്കിനെ ഫോണില്‍ വിളിച്ച് എം.എല്‍.എ. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കുന്ന പോലീസ് നയം കേരളത്തിന് അപമാനമാണെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ. ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

വിദ്യാർത്ഥി നേതാവ് അൽ .അമീൻ അഷറഫ്, നേതാക്കളായ നെജീബ് ,അനസ് എന്നിവർ മോഫിയാ പർവീനും കുടുംബത്തിനും നീതി ലഭിക്കാനാണ് പോരാടിയത്. ഇവർ തീവ്രവാദ പ്രവർത്തനം നടത്തുന്നവരല്ല. പൊതു പ്രവർത്തനം നടത്തുന്ന കോൺഗ്രസുകാരാണ്. പക്ഷെ പോലീസ് ഇവരിൽ നടത്തിയ തീവ്രവാദ ആരോപണം ഗുരുതരവും അപമാനവുമാണ്. പിണറായി പോലീസ് യോഗി പോലീസിന് പഠിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാന്‍റ് റിപ്പോർട്ടിൽ അവരെ തീവ്രവാദികളാക്കി മാറ്റിയ പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

റൂറൽ എസ്.പി കാർത്തിക്കിനെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പൊതുജന സമക്ഷം പോലീസ് നടപടികൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും - അന്‍വര്‍ സാദത്ത് എം.എല്‍.എ. ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.