Asianet News MalayalamAsianet News Malayalam

'ബ്രിട്ടീഷ് അധിനിവേശത്തെ ഓര്‍മ്മപ്പെടുത്തുന്ന പ്രയോഗം; മന്ത്രിയെ തിരുത്താൻ മുഖ്യമന്ത്രിക്ക് താൽപര്യം കാണില്ല'

അതിസമ്പന്നരുടെ ഉറ്റതോഴനായ മുഖ്യമന്ത്രി സര്‍വ്വപ്രതാപിയായി വിഹരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ അംഗത്തിന് വികൃതമായ ഇത്തരം ചിന്താഗതികള്‍ ഉണ്ടായതില്‍ അതിശയോക്തിയില്ലെന്നും കെ പി സി സി പ്രസിഡന്‍റ്

k sudhakaran against v abdurahiman and cm pinarayi vijayan on karyavattom cricket issue
Author
First Published Jan 9, 2023, 6:39 PM IST

തിരുവനന്തപുരം: കായിക മന്ത്രിയുടെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് കെ പി സി സി പ്രസിഡന്‍റ്  കെ സുധാകരന്‍ എം പി അഭിപ്രായപ്പെട്ടു. നവ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ അപ്പോസ്തലന്മാരായ കമ്യൂണിസ്റ്റുകാര്‍ പൗരന്‍മാരെ കാശിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയാണ്. പട്ടിണി പാവങ്ങളേയും തൊഴിലാളികളേയും പിന്നാക്ക വിഭാഗങ്ങളേയും വോട്ടിന് വേണ്ടിയുള്ള ഉപാധിയായാണ് കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. കായിക വിനോദങ്ങള്‍ കാശുള്ളവര്‍ മാത്രം ആസ്വദിച്ചാല്‍ മതിയെന്നുമുള്ള  മന്ത്രിയുടെ മനോഭാവം സമ്പന്നരുടെ താല്‍പ്പര്യം സംരക്ഷിക്കലാണ് എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ നയമെന്ന് അടിവരയിടുന്നതാണെന്നും കെ പി സി സി പ്രസിഡന്‍റ്  സുധാകരന്‍ പറഞ്ഞു.

തൊഴിലാളികളെയും പട്ടിണി പാവങ്ങളെയും എല്‍ ഡി എഫ് സര്‍ക്കാരിനും സി പി എമ്മിനും പരമ പുച്ഛമാണ്. അധികാരം കിട്ടിയത് മുതല്‍ ഫ്യൂഡല്‍ മാടമ്പിമാരുടെ പ്രവര്‍ത്തന ശൈലിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചവെയ്ക്കുന്നത്. മുതലാളിത്വത്തിന്‍റെ ആരാധകരായ സി പി എം നയിക്കുന്ന മുന്നണിയുടെ ഭാഗമായ ഒരു മന്ത്രി പട്ടിണിക്കാരെ തള്ളിപ്പറയുന്നതില്‍ അത്ഭുതപ്പെടാനില്ല. സ്വര്‍ണ്ണക്കടത്ത്, ക്വാറി, ഭൂമാഫിയ എന്നിവരുടെ പണം കൊണ്ട് ആഢംബര ജീവിതം നയിക്കുന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സാധാരണക്കാരന്‍റെയും പട്ടിണി പാവങ്ങളുടെയും ആശയും അഭിലാഷവും കാണാനുള്ള മനസ്സും വിവേകവുമില്ലെന്നും കെ പി സി സി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

'പട്ടിണി കിടക്കുന്നവൻ വോട്ട് ചെയ്തിട്ടാണ് മന്ത്രി ആയത്, നികുതി കുറക്കണം മാപ്പും പറയണം'; അബ്ദുറഹ്മാനെതിരെ ഷാഫി

കാര്യവട്ടത്ത്  നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെ ന്യായീകരിക്കാന്‍ വിചിത്ര വാദം ഉയര്‍ത്തിയ മന്ത്രിയെ തിരുത്താന്‍ മുഖ്യമന്ത്രിക്കും സി പി എമ്മിനും താല്‍പ്പര്യം കാണില്ല. അതിസമ്പന്നരുടെ ഉറ്റതോഴനായ മുഖ്യമന്ത്രി സര്‍വ്വപ്രതാപിയായി വിഹരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ അംഗത്തിന് വികൃതമായ ഇത്തരം ചിന്താഗതികള്‍ ഉണ്ടായതില്‍ അതിശയോക്തിയില്ലെന്നും കെ പി സി സി പ്രസിഡന്‍റ്  പറഞ്ഞു.

Follow Us:
Download App:
  • android
  • ios