വിജയരാ​ഘവന് നാണമില്ലെങ്കിലും പാർട്ടിക്ക് നാണം വേണമെന്ന് സുധാകരൻ പറഞ്ഞു. 

കണ്ണൂർ: സിപിഎം ആക്ടിം​ഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാ​ഘവനെതിരെ രൂക്ഷവിമ‍ർശനവുമായി കെപിസിസി വ‍ർക്കിം​ഗ് പ്രസിഡൻ്റും കണ്ണൂ‍ർ എം.പിയുമായ കെ.സുധാകരൻ വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ തനിക്ക് താൽപര്യമില്ലെന്നും എന്നാൽ കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു. 

കോൺ​ഗ്രസ് നേതാക്കൾ പാണക്കാട് എത്തി ലീ​​ഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ അതിരൂക്ഷ വിമ‍ർശനവുമായി രം​ഗത്തു വന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് മറുപടി പറയുകയായിരുന്നു കെ.സുധാകരൻ. വിജയരാ​ഘവന് നാണമില്ലെങ്കിലും പാർട്ടിക്ക് നാണം വേണമെന്ന് സുധാകരൻ പറഞ്ഞു. 

യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ വീടുകൾ കോൺ​ഗ്രസ് നേതാക്കൾ സന്ദ‍ർശിക്കുന്നതിൽ എന്താണ് തെറ്റെന്നും പാണക്കാടേക്ക് ഇനിയും പോകുമെന്നും ച‍ർച്ച നടത്തുമെന്നും കെ.സുധാകരൻ പറഞ്ഞു. 

തദ്ദേശതെരഞ്ഞെടുപ്പിലെന്ന പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം - ബിജെപി കൂട്ടുകെട്ടുണ്ടാവും. അതിനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷസ്ഥാനം കാത്തിരിക്കുകയല്ല താനെന്നും പാ‍ർട്ടി തന്നെ ഏൽപിക്കുന്ന ഏതു സ്ഥാനവും താൻ സ്വീകരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.