Asianet News MalayalamAsianet News Malayalam

പരസ്യം നൽകാൻ സർക്കാർ പ്രതിദിനം ചിലവാക്കുന്നത് ഇരുപത് കോടി രൂപയെന്ന് കെ.സുധാകരൻ

 തനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ കെ.കെ രാഗേഷ് എം പി ആദ്യം പരിശോധനക്ക് തയ്യാറാകണം. തന്നെ പട്ടി എന്നു വിളിച്ച കെ കെ രാഗേഷിനെ നിലാവെളിച്ചത്തെ നോക്കി ഓരിയിടുന്ന നായയായി മാത്രമേ കാണുന്നുള്ളൂ.

K Sudhakaran alleges government spending 20 crore rupees everyday for campaign
Author
Kannur, First Published Feb 19, 2021, 2:13 PM IST

കണ്ണൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർ പരസ്യപ്രചരണത്തിനായി ചിലവഴിക്കുന്നതെന്ന് കോൺ​ഗ്രസ് വർക്കിം​ഗ് പ്രസിഡൻ്റും കണ്ണൂർ എംപിയുമായ കെ.സുധാകരൻ. എല്ലാ ദിവസവും ഇരുപത് കോടി രൂപയാണ് സർക്കാർ പരസ്യം നൽകാൻ ചിലവഴിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. 

കെ.സുധാകരൻ്റെ വാക്കുകൾ - 

തനിക്ക് ഭ്രാന്താണെന്ന് കെ.കെ.രാഗേഷ് എം.പി പറഞ്ഞു. ആർക്കാണ് ഭ്രാന്തെന്ന് പരിശോധിക്കാം. സത്യം പറയുന്ന തനിക്കണോ നാടിനെ കൊള്ളയടിക്കുന്ന പിണറായിക്കണോ ഭ്രാന്ത്. തനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ കെ.കെ രാഗേഷ് എം പി ആദ്യം പരിശോധനക്ക് തയ്യാറാകണം. തന്നെ പട്ടി എന്നു വിളിച്ച കെ കെ രാഗേഷിനെ നിലാവെളിച്ചത്തെ നോക്കി ഓരിയിടുന്ന നായയായി മാത്രമേ കാണുന്നുള്ളൂ.

ഫാസിസ്റ്റായ ഒരു ഭരണ കർത്താവിന് ഭ്രാന്ത് കൂടി വന്നാൽ എന്താവും സ്ഥിതി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടികളാണ് പരസ്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഒരു ദിവസം 20 കോടിയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ചെത്തുതൊഴിലാളികളുടെ  ക്ഷേമ നിധിയിൽ അടയ്ക്കേണ്ട ഫണ്ട് ഈ സർക്കാർ റദ്ദാക്കുന്ന അവസ്ഥയുണ്ടായി. ജനങ്ങളുടെ നികുതി പണം ഇതുപോലെ ചിലവഴിക്കുന്ന ഭ്രാന്തുള്ള സർക്കാർ വേറെ ഉണ്ടോ ? 

ഒൻപത് ഉപദേശകരെ വച്ചു ഭരണം നടത്തിയ ഭരണാധികാരി കേരള ചരിത്രത്തിൽ വേറെയുണ്ടോ.  ഉപദേശകർ ഇല്ലെങ്കിൽ എന്താകുമായിരുന്നു ഈ സർക്കാരിന്റെ അവസ്ഥ. ഇതെല്ലാം വിലയിരുത്തുമ്പോൾ ആർക്കാണ് ഭ്രാന്ത് എനിക്കോ മുഖ്യമന്ത്രിക്കോ എന്ന് ജനം പറയും. ഈ വികസനത്തിന് വേണ്ടി ചെലവഴിച്ച കോടാനുകോടി പണം കിഫ്ബി മുഖാന്തരം വായ്പ എടുത്തതാണ്. ഇതൊക്കെ തിരിച്ചടയ്ക്കേണ്ടേ ? ആരാണ് ഈ ബാധ്യതയൊക്കെ ഏറ്റെടുക്കേണ്ടത്. 

ഇതു പോലെ പിൻവാതിൽ നിയമനം നടന്ന കാലഘട്ടം ഇതു വരെ ഉണ്ടായിട്ടില്ല. പരിയാരത്തടക്കം വൻതോതിൽ പിൻ വാതിൽ നിയമനം നടന്നു. മന്ത്രിസഭ പോലും അറിയാതെ ഒരു വകുപ്പ് മന്ത്രി അമേരിക്കൻ കുത്തകയുമായി കരാർ ഒപ്പിട്ടത് എന്തു ആഭാസമാണ്. ഇപി ജയരാജൻ, കോടിയേരി ബാലകൃഷ്ണൻ , പിണറായി വിജയൻ എന്നിവരുടെ മക്കളുടെ വ്യവസായ സാമ്രാജ്യത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചു അന്വേഷിക്കണം. ഇന്നലെ ലാത്തിച്ചാർജ് നടത്തിയ പോലീസുകാരെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കണം. 

പോലീസ് എന്ന് പറഞ്ഞ് ഗുണ്ടകളെ യൂണിഫോം നൽകി പറഞ്ഞ് വിടുകയാണ് സര്‍ക്കാര്‍. പോലീസ് വേഷത്തിൽ എത്തിയത് ഡിവൈഎഫ്ഐ ഗുണ്ടകളാണ്. ഇതേ കുറിച്ച് സമഗ്ര അന്വേഷണം വേണം. പിണറായി വിജയനെ വിമർശിക്കുമ്പോൾ അതിനെ അധിക്ഷേപം എന്ന് പറയുന്നു. കുലത്തൊഴിൽ പറഞ്ഞത് ആക്ഷേപിക്കാനല്ല. പിണറായിയോട് വ്യക്തിപരായ വിരോധം വച്ചു കൊണ്ടല്ല താൻ പ്രതികരിച്ചത്. പിണറായി ഒരാളുടെ അച്ഛനെ കുറിച്ചു പറഞ്ഞതിൻ്റെ വേദന മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്. 
 

Follow Us:
Download App:
  • android
  • ios