Asianet News Malayalam

കരുണാകരനെയും ആന്‍റണിയെയും വെല്ലുവിളിച്ച് താരമായി, പിണറായി പഠിച്ച 'ബ്രണ്ണൻ' സുധാകരന്‍റെയും കളരി; പോര് മുറുകുമോ?

പകരം വെക്കാനില്ലാത്ത തീപാറുന്ന രാഷ്ട്രീയ ശൈലിയാണ് സുധാകരനെ മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്ന് വേറിട്ട് നിർത്തിയത്. 
 

K Sudhakaran  appointed as kpcc president
Author
Trivandrum, First Published Jun 8, 2021, 4:31 PM IST
  • Facebook
  • Twitter
  • Whatsapp

കോഴിക്കോട്: കെഎസ്‍യുവിലൂടെ പിച്ചവെച്ച് സംഘടനാ കോൺഗ്രസിലൂടെയാണ് കണ്ണൂരിലെ എടക്കാട് നടാൽ സ്വദേശി കെ സുധാകരൻ രാഷ്ട്രീയ ഗോദയിൽ സജീവമാകുന്നത്. സോഷ്യലിസ്റ്റുകളുടെ സുവർണ്ണകാലത്ത് 1978ൽ ജനതാപാർട്ടിയിലെത്തി യുവജനതയുടെ സംസ്ഥാന പ്രസിഡണ്ടായി. 1984 ൽ തിരികെ കോൺഗ്രസിലെത്തി.

1991ൽ കരുണാകരനും ആന്‍റണിയും രണ്ട് പക്ഷത്ത് നിന്ന് സംഘടന പിടിക്കാൻ നടത്തിയ പൊരിഞ്ഞ പോരാട്ടത്തിനിടെ കണ്ണൂരിൽ ഇരുഗ്രൂപ്പുകളെയും വെല്ലുവിളിച്ച് ഡിസിസി പിടിച്ചെടുത്തതോടെയാണ് കേരളരാഷ്ട്രീയത്തിൽ കെ സുധാകരന്‍റെ താരോദയമുണ്ടായത്. പിന്നീട് കണ്ണൂരിൽ കോൺഗ്രസെന്നാൽ സുധാകരനായി. 1991 മുതൽ തുടർച്ചയായി പത്ത് വർഷം കണ്ണൂർ ഡിസിസി പ്രസിഡന്‍റായി.

1991ൽ എടക്കാട് നിന്ന് മത്സരിച്ച് തോറ്റതിന് ശേഷം നിയമയുദ്ധത്തിലൂടെ എംഎൽഎആയതും പിന്നീട് കേസ് തോറ്റതുമാണ് സുധാകരന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ ശ്രദ്ധേയമായ സംഭവം. 1996ലും 2001ലും 2006ലും കണ്ണൂരിൽ നിന്ന് നിയമസഭയിലെത്തി. എ കെ ആന്‍റണി മന്ത്രിസഭയിൽ വനം മന്ത്രിയായി. വിവാദമായ മുത്തങ്ങ ഭൂസമരവും ആദിവാസികൾക്കെതിരെയുള്ള വെടിവെപ്പും നടന്നത് ഇക്കാലത്താണ്.

ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി നടന്ന അതേ ബ്രണ്ണൻ ക്യാമ്പസായിരുന്നു സുധാകരന്‍റെ കളരി. പൂർവ്വ വിദ്യാർത്ഥിയായിരുന്ന പിണറായിയുമായി സുധാകരന്‍ കൊമ്പ് കോർത്ത കഥ ആരാധകർ ഇപ്പോഴും പാടി നടക്കുന്നുണ്ട്. കണ്ണൂരിലെ ആക്രമ രാഷ്ട്രീയത്തിൽ അതേ നാണയത്തിൽ സിപിഎമ്മിനോട് കൊണ്ടും കൊടുത്തുമാണ് സുധാകരൻ മുന്നോട്ട് പോയത്. മിക്കപ്പോഴും സുധാകരനെ തെരുവിൽ നേരിട്ടു സിപിഎം. പൊതുവേ സമാധാന പ്രിയരായ കോൺഗ്രസുകാരെ ആയുധമണിയിച്ചു എന്ന ആരോപണം അന്ന് സുധാകരനെതിരെ ഉയർന്നു.

1993 ൽ സുധാകരന്‍റെ ഗൺമാന്‍റെ വെടിയേറ്റ് സിപിഎം പ്രവർത്തകൻ നാല്പാടി വാസു കൊല്ലപ്പെട്ടു. സുധാകരനാണ് വെടിവെച്ചതെന്ന് സിപിഎം ആരോപിച്ചു. കേസിൽ പ്രതിയായി. എം വി രാഘവൻ കൂടി ഒപ്പമെത്തിയതോടെ സുധാകരനും സിപിഎമ്മും തമ്മിലുള്ള വെല്ലുവിളി മുറുകി. എകെജി ആശുപത്രി ഭരണസമിതി പിടിച്ച് സുധാകരൻ സിപിഎമ്മിനെ വിരട്ടി. കെ സുധാകരൻ കോൺഗ്രസുകാരുടെ ഹീറോയായി.

സുധാകരന്‍റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണ് ഇപി ജയരാജനെ ട്രെയിനിൽ വധിക്കാൻ ശ്രമിച്ച സംഭവം. കേസിൽ സുധാകരൻ പ്രതിയായപ്പോൾ അക്രമ രാഷ്ട്രീയം നേതാക്കളിലെത്തിയെന്ന അപായ സൂചന നൽകി. കേസ് പിന്നീട് തള്ളിപ്പോയി.

പാർലമെന്‍ററി രാഷ്ട്രീയത്തിലും സംഘടനാ രാഷ്ട്രീയത്തിലും ഒരേ സമയം നിറഞ്ഞ് നിൽക്കുന്ന അപൂർവ്വ നേതാക്കളിൽ ഒരാളാണ് കെ സുധാകരൻ. 2009 ലും 2019 ലും കണ്ണൂരിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചു. എതിരാളികളുടെ വോട്ടിന്‍റെ കൂടി ബലത്തിലാണ് കണ്ണൂര് പോലൊരു സിപിഎം കോട്ടയിൽ സുധാകരൻ ജയിച്ച് കയറുന്നത്.

തണുപ്പൻമാരുടെ പാർട്ടിയായ കോൺഗ്രസിൽ ചുടേറിയ സുധാകരന്‍റെ രാഷ്ട്രീയ ശൈലി അണികളെ ആകർഷിച്ചു. ഗ്രൂപ്പുകൾക്ക് പുറത്ത് സുധാകരൻ സ്വാധീനമുണ്ടാക്കി. സുധാകരന്‍റെ നാവിന്‍റെ ചൂടറിയാത്ത രാഷ്ട്രീയനേതാക്കൾ സ്വന്തം പാളയത്തിലും മറുപാളയത്തിലുമില്ല. ഏറ്റവുമൊടുവിൽ പിണറായിക്കെതിരെ നടത്തിയ പരാമർശമാണ് അതിലൊന്ന്.

കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്‍റെ കുന്തമുനയാണ് കെ സുധാകരൻ.  ഏത് പ്രതിസന്ധിയിലും കളത്തിലിറങ്ങികളിക്കുന്ന മുന്നിൽ നിന്ന് നയിക്കുന്ന നേതാവ്. നാവിലെ വികടസരസ്വതി പലപ്പോഴും വിനയായിട്ടുണ്ട്. മുൻനിര നേതാക്കൾക്കിടയിൽ ജനകീയനല്ല. പക്ഷെ അണികളെ ത്രസിപ്പിക്കാനുള്ള മിടുക്കെപ്പോഴുമുണ്ട്. ഇത് സുധാകരന്‍റെ രണ്ടാമിന്നിംഗ്സ്. മറ്റൊരു വടക്കൻ ചേകവരായ മുല്ലപ്പള്ളി തോറ്റിടത്ത് ജയിക്കാനാണ് കുമ്പക്കുടി സുധാകരന്‍റെ വരവ്. 

Follow Us:
Download App:
  • android
  • ios