Asianet News MalayalamAsianet News Malayalam

ഷുക്കൂർ വധത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം നടത്തിയെന്ന പ്രചാരണം; മാധ്യമങ്ങളെ പഴിച്ച് കെ സുധാകരന്‍

ഗൗരവമായ ആരോപണം എന്ന പരാമർശത്തിൽ മാധ്യമങ്ങൾ അമിത പ്രാധാന്യം നല്‍കി. പറയുന്ന കാര്യത്തിന്റെ അന്തസ്സത്ത നോക്കാതെ വ്യാജ വാർത്ത ഉണ്ടാക്കുന്നുവെന്നും സുധാകരന്‍

K Sudhakaran blames media for giving unwanted colors for his statement against P K Kunhalikutty in Shukoor  murder case
Author
First Published Dec 28, 2022, 11:18 PM IST

തിരുവനന്തപുരം:  ഷുക്കൂർ വധത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം നടത്തിയെന്ന പ്രചാരണത്തില്‍ മാധ്യമങ്ങളെ പഴിച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഗൗരവമായ ആരോപണം എന്ന പരാമർശത്തിൽ മാധ്യമങ്ങൾ അമിത പ്രാധാന്യം നല്‍കി. പറയുന്ന കാര്യത്തിന്റെ അന്തസ്സത്ത നോക്കാതെ വ്യാജ വാർത്ത ഉണ്ടാക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ആരോപണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും കെ സുധാകരന്‍റെ കുറിപ്പ് വിശദമാക്കുന്നു. 

കെ സുധാകരന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ  ഞാൻ സംസാരിച്ചു എന്ന രീതിയിൽ ഒരു വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. 

അബദ്ധജടിലമായ വ്യാജ പ്രചാരണമാണിത്. കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ കണ്ണൂർ ഡിസിസിയിൽ എത്തിയപ്പോൾ   അഭിഭാഷകനായ ടി പി ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാൽ പഠിച്ചിട്ട്  പ്രതികരിക്കാം എന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു. പറയുന്ന കാര്യങ്ങളിലെ അന്ത:സത്ത ഉൾക്കൊള്ളാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് എന്തുതരം മാധ്യമപ്രവർത്തനമാണ് ? 

 അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇ പി ജയരാജൻ ഗുരുതരമായ ആരോപണങ്ങൾ നേരിടുമ്പോൾ അതിൽനിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണോ ഇത്തരമൊരു വിവാദത്തിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

കുഞ്ഞാലിക്കുട്ടി സാഹിബിന് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്.അരിയിൽ ഷുക്കൂറിനെ കൊന്നതും കൊല്ലിച്ചതും കൊലയാളികളെ സംരക്ഷിക്കുന്നതും സിപിഎം എന്ന ക്രിമിനൽ പാർട്ടി തന്നെയാണ്.  നേതാക്കളെ കരിവാരിത്തേക്കാനായി ഉന്നയിച്ച വ്യാജ ആരോപണങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കും.

പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് വ്യാജ വാർത്തകളാക്കി  കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾക്കിടയിൽ ഭിന്നിപ്പ്  വരുത്താനുള്ള പാഴ്ശ്രമങ്ങൾ സ്ഥാപിത താല്പര്യക്കാർ കുറച്ചു കാലങ്ങളായി നടത്തുന്നുണ്ട് .അത്തരം വ്യാജ പ്രചാരണങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർ വീണുപോകരുതെന്ന് സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബലവകുപ്പുകള്‍ ചുമത്താന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന കണ്ണൂരിലെ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍ ഗൌരവമേറിയ കാര്യമെന്നായിരുന്നു നേരത്തെ സുധാകരന്‍ പ്രതികരിച്ചത്. ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്നാല്‍ ഹരീന്ദ്രനുമായി സംസാരിക്കാതെ പ്രതികരിക്കാനാകില്ലെന്നും സുധാകരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തേക്കുറിച്ചാണ് നിലവിലെ വിശദീകരണ കുറിപ്പ്. 

Follow Us:
Download App:
  • android
  • ios