Asianet News MalayalamAsianet News Malayalam

'ഇടതിനെ വെളുപ്പിച്ച മാധ്യമങ്ങളെ തന്നെ അവർ വിലക്കി', കാവ്യ നീതിയെന്ന് കെ സുധാകരൻ

ഖദർധാരികളെ ഇല്ലാക്കഥകൾ പടച്ചുണ്ടാക്കി എന്നും വേട്ടയാടുകയും ഇടതിനെ താലോലിക്കുകയും ചെയ്ത അതേ മാധ്യമങ്ങളെ നിയമസഭയിൽ എൽഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിൻ്റെ കാവ്യനീതിയാണ് - സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. 

K Sudhakaran on Media restriction in Niyamasabha
Author
Thiruvananthapuram, First Published Jun 27, 2022, 12:03 PM IST

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടതുപക്ഷത്തെ പിന്തുണച്ച മാധ്യമങ്ങളെ നിയമസഭയിൽ എൽഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിൻ്റെ കാവ്യനീതിയാണെന്ന് സുധാകരൻ പറഞ്ഞു. എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് മുമ്പിൽ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങൾക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയിൽ എൽഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിൻ്റെ കാവ്യനീതിയാണ് - സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. 

ഇന്നലെകളിൽ അഴിമതിക്കാരനായ പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾ ഭയന്നു വിറച്ചതിൻ്റെയും കേരള ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ജനങ്ങളിലെത്തിക്കാതെ സ്തുതി പാടിയതിൻ്റെയും ഫലമാണ് കേരളം ഇന്നനുഭവിക്കുന്നതെന്ന് സുധാകരൻ ആരോപിച്ചു. 

കെസുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് മുമ്പിൽ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങൾക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയിൽ LDF തന്നെ വിലക്കുന്നത് കാലത്തിൻ്റെ കാവ്യനീതിയാണ്.
മാധ്യമങ്ങളുടെ താരാട്ടുപാട്ടിലൂടെ വളർന്നു വന്ന് നിലനിൽക്കുന്ന ഒരു ജനവിരുദ്ധ പ്രസ്ഥാനമാണ് സിപിഎം. സിനിമാക്കഥകളെ വെല്ലുന്ന കള്ളക്കഥകൾ ചമച്ച് ഇടതു നേതാക്കളെ അവർ എന്നും ബിംബങ്ങളാക്കിയിട്ടുണ്ട്. ഖദർധാരികളെ ഇല്ലാക്കഥകൾ പടച്ചുണ്ടാക്കി എന്നും വേട്ടയാടിയിട്ടുമുണ്ട്. പിണറായി വിജയന് വരെ ജനകീയത ഉണ്ടാക്കി വെളുപ്പിച്ചെടുക്കാൻ രാപ്പകൽ അദ്ധ്വാനിച്ചത് ഇതേ ഇടതുമാധ്യമങ്ങളാണ്.
ഇന്നിതാ കള്ളക്കടത്തു വീരനായ മുഖ്യമന്ത്രിയ്ക്കെതിരെ  നിയമസഭയിൽ നടക്കുന്ന പ്രതിഷേധങ്ങൾ പോലും ജനങ്ങളിലെത്തിക്കാൻ കഴിയാതെ മാധ്യമങ്ങൾ ഭാഗികമായി വിലക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വളർത്തിയെടുത്തവർ ജനങ്ങൾക്കെതിരേ മാത്രമല്ല ,നിങ്ങൾക്കെതിരെയും തിരിയുന്നത് അനിവാര്യമായ തിരിച്ചടിയാണ്.
പ്രിയ മാധ്യമ സുഹൃത്തുക്കളേ,
ഇന്നലെകളിൽ അഴിമതിക്കാരനായ പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾ ഭയന്നു വിറച്ചതിൻ്റെയും കേരള ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ജനങ്ങളിലെത്തിക്കാതെ സ്തുതി പാടിയതിൻ്റെയും ഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്.  ഇനിയെങ്കിലും ഈ കഴിവുകെട്ട ഭരണാധികാരിയെയും അയാളുടെ അഴിമതികളെയും ജനങ്ങളിലെത്തിക്കുകയെന്ന മാധ്യമധർമം നിങ്ങൾ നിറവേറ്റണം. കാലവും ജനവും അതാവശ്യപ്പെടുന്നുണ്ട്.

അസാധാരണമായ രീതിയിൽ ഇന്ന് നിയമസഭയിൽ മാധ്യമങ്ങൾക്ക് വിലക്കും ഉണ്ടായി. സഭയിൽ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണുണ്ടായിരുന്നത്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്‍റെയും ഓഫീസുകളിൽ വിലക്ക് ഏര്‍പ്പെടുത്തി. മീഡിയ റൂമില്‍ മാത്രമായിരുന്നു മാധ്യമങ്ങള്‍ക്ക് പ്രവേശനം. പ്രതിപക്ഷം വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ സഭയില്‍ നടത്തുമ്പോള്‍ അതിന്‍റെ ദൃശ്യങ്ങള്‍ പിആര്‍ഡിയും സഭാ ടിവിയും നല്‍കിയില്ല. ഏകപക്ഷീയമായി ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് പിആര്‍ഡി നൽകിയത്. പ്രതിഷേധിച്ച പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്ന സാഹചര്യത്തിൽ പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും സീറ്റിൽ നിന്നെഴുന്നേറ്റു. ഈ സമയത്ത് പി ആർ ഡി ക്യാമറയിൽ പ്രതിപക്ഷ പ്രതിഷേധം കാണാനായത്. മാധ്യമ വിലക്ക് ശ്രദ്ധയിൽപ്പെടുത്തിയതോടെ മാധ്യമ വിലക്ക് വാച്ച് ആൻറ് വാർഡിന് സംഭവിച്ച പിശകാണെന്നാണ് സ്പീക്കർ വിശദീകരിച്ചത്.

Read Also: കറുപ്പണിഞ്ഞെത്തി, പ്രതിപക്ഷ പ്രതിഷേധം, മാധ്യമ വിലക്ക്, വീഡിയോ 'സെൻസറിംഗ്', ഒന്നാം ദിനം നിയമസഭ കലുഷിതം

Follow Us:
Download App:
  • android
  • ios